‘കറി ആന്റ് സയനൈഡ്’ എന്ന ഡോകുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉള്ളൊഴുക്ക്’. പാര്‍വതി തിരുവോത്ത്, ഉര്‍വശി, പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായ ഒരു കുടുംബത്തിന്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ പറയുന്നത്. എന്നാല്‍ വെള്ളം കുറയാന്‍ വേണ്ടി അവര്‍ കാത്തിരിക്കുമ്പോള്‍ കുടുംബത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യര്‍ തമിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകള്‍ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം. 2018-ല്‍ സിനിസ്ഥാന്‍ വെബ് പോര്‍ട്ടല്‍ മികച്ച തിരക്കഥകള്‍ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തില്‍ അതില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. സുഷിന് ശ്യാമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം പാര്‍വതി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.