ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഇന്ത്യന്‍ യൂണിറ്റിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റാ ഗ്രൂപ്പ് രംഗത്ത്. ടാറ്റാ വാഗ്ദാനം ചെയ്യുന്നതിലും വലിയ തുകയാണ് വിവോ ആവശ്യപ്പെട്ടിരിക്കുന്നത്. 2023 സാമ്പത്തികവര്‍ഷം 29,874 കോടി രൂപയായിരുന്നു വിവോയുടെ വരുമാനം. 211 കോടി രൂപ ലാഭം നേടാനും ഇന്ത്യന്‍ യൂണിറ്റിന് സാധിച്ചിരുന്നു. ചൈനീസ് ബന്ധമുള്ള കമ്പനികളില്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കിയതാണ് വിവോയെ ഇന്ത്യയില്‍ പങ്കാളികളെ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത്. മറ്റൊരു ചൈനീസ് ബ്രാന്‍ഡായ ഓപ്പോയും സമാന രീതിയില്‍ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റില്‍ വലിയ വിപണിവിഹിതമുള്ള ചൈനീസ് കമ്പനിയില്‍ 51 ശതമാനം ഇന്ത്യന്‍ പങ്കാളിത്തം വേണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ താല്പര്യം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. അതേസമയം, വിവോയുടെ ഗ്രേറ്റര്‍ നോയിഡയിലുള്ള നിര്‍മാണ യൂണിറ്റ് മൈക്രോമാക്സിന്റെ ഉടമസ്ഥതയിലുള്ള ഭഗവതി പ്രൊഡക്ട്സ് ഏറ്റെടുത്തു. വിവോയ്ക്കുള്ള സ്മാര്‍ട്ട് ഫോണുകള്‍ തുടര്‍ന്നും ഈ പ്ലാന്റില്‍ നിന്ന് നിര്‍മിക്കും. ചൈന ആസ്ഥാനമായുള്ള ഹുവാക്കിന്‍ ടെക്നോളജീസുമായിട്ടുള്ള മൈക്രോമാക്സിന്റെ സംയുക്ത സംരംഭമാണിത്. ഇരുകൂട്ടരും തമ്മിലുള്ള സംരംഭത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.