ഇ- കൊമേഴ്‌സ് രംഗത്ത് പുതിയ നീക്കങ്ങളുമായി ടാറ്റ ഗ്രൂപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടാറ്റ ക്ലിക് നടത്തിപ്പുകാരായ ടാറ്റ യൂണിസ്റ്റോറിന്റെ ഉടമസ്ഥാവകാശം ടാറ്റ ഡിജിറ്റലിന് കീഴിലേക്ക് മാറ്റാനാണ് പദ്ധതി. ടാറ്റ ഇന്‍ഡസ്ട്രീസിന്റെയും ടാറ്റ ട്രെന്റിന്റെയും സംയുക്ത ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടാറ്റ യൂണിസ്റ്റോര്‍. ഏകദേശം 750 കോടിയോളമാണ് ടാറ്റ യൂണിസ്റ്റോറിന്റെ മൂല്യം. പുതിയ നീക്കങ്ങളിലൂടെ ടാറ്റ ഡിജിറ്റലിന് കീഴില്‍ ഇ- കൊമേഴ്‌സ് ബിസിനസുകളുടെ ഏകീകരണമാണ് ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗിലെ വിവരങ്ങള്‍ പ്രകാരം, ടാറ്റ ന്യൂ, ബിഗ് ബാസ്‌ക്കറ്റ്, ക്രോമ എന്നിവ ഉള്‍പ്പെടെ ടാറ്റയുടെ എല്ലാ ഓണ്‍ലൈന്‍ ഷോപ്പിംഗ് സംരംഭങ്ങളുടെയും ഏക സ്ഥാപനമായി ടാറ്റ ഡിജിറ്റല്‍ മാറുന്നതാണ്. ഇതോടെ, ഇ- കൊമേഴ്‌സ് രംഗത്ത് ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മിന്ത്ര എന്നിവരാണ് ടാറ്റയുടെ പ്രധാന എതിരാളികളായി ഉണ്ടാവുക. കഴിഞ്ഞയാഴ്ച, കമ്പനി ടാറ്റ ഡിജിറ്റലിന്റെ അംഗീകൃത മൂലധനം 20,000 കോടിയില്‍ നിന്ന് 21,000 കോടിയായി ഉയര്‍ത്തുകയും 750 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു. കടം വീട്ടാനും ബിസിനസ് വിപുലീകരിക്കാനുമാണ് ഇത് ചെയ്തത്. സെപ്റ്റംബറില്‍ കമ്പനിയുടെ അംഗീകൃത മൂലധനം 15,000 കോടിയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്തി. മാര്‍ച്ചില്‍ ഓഹരി മൂലധനം 11,000 കോടിയില്‍ നിന്ന് 15,000 കോടിയായി ഉയര്‍ത്തി.