ടാറ്റ മോട്ടോഴ്സ് ഉടന്‍ തന്നെ ഇലക്ട്രിക് കാറുകളുടെ വില 30 ശതമാനം വരെ കുറച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഇതിനായി എംജി മോട്ടോര്‍ ഇന്ത്യയുടെ മാതൃകയില്‍ ‘ബാറ്ററി-ആസ്-എ-സര്‍വീസ്’ മോഡല്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പദ്ധതി അനുസരിച്ച് ബാറ്ററിയുടെ വില ഇലക്ട്രിക് കാറിന്റെ വിലയില്‍ നിന്ന് ഒഴിവാകും. ബാറ്ററികള്‍ പ്രത്യേകം വാടകയ്ക്കെടുക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാല്‍ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില രണ്ടുലക്ഷം മുതല്‍ 3.5 ലക്ഷം വരെ കുറയും. ഇതോടെ വാഹനത്തിന്റെ വിലയും ബാറ്ററിയുടെ വാടകയും മാത്രമേ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരൂ. നിലവില്‍, ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് ശ്രേണിയില്‍ ടിയാഗോ ഇവി, പഞ്ച് ഇവി, നെക്സോണ്‍ ഇവി, കര്‍വ് ഇവി എന്നിവ ഉള്‍പ്പെടുന്നു. ബാറ്ററികള്‍ വാടകയ്ക്കെടുക്കുന്നതിലൂടെ, ഇലക്ട്രിക് വാഹനങ്ങളുടെ എക്സ്-ഷോറൂം വില 25 ശതമാനം മുതല്‍ 30 ശതമാനം വരെ കുറയും.