സ്വര്‍ണരോമത്തോലും
രാജകിരീടവും
മിത്തുകള്‍, മുത്തുകള്‍- 14
യവനകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
സ്വന്തം നാട്ടില്‍ പിടിച്ചു നില്‍ക്കാനാകാതെയാണ് രാജകുമാരന്മാരായ അട്രേവുസും തൈസ്റ്റസും മൈസിനിയാ രാജ്യത്തേക്കു പലായനം ചെയ്തത്. അളിയന്‍ സ്തെനലുസാണ് അവിടത്തെ രാജാവ്. രാജ്യഭരണ കാര്യങ്ങളില്‍ അളിയനെ സഹായിച്ച് ഇരുവരും കൊട്ടാരത്തോടു ചേര്‍ന്നുള്ള മന്ദിരങ്ങളില്‍ കഴിഞ്ഞു. ഒരു യുദ്ധത്തിനിടെ അളിയന്‍ സ്തെനലൂസ് കൊല്ലപ്പെട്ടപ്പോള്‍ രാജ്യം അനാഥം. പുതിയ രാജാവായി അട്രേവൂസിന്റെയും തൈസ്റ്റസിന്റെയും പേരാണു പ്രഭുസഭയുടെ പരിഗണനയില്‍. ഇരുവര്‍ക്കും കിരീടമോഹവുമുണ്ട്.
ജ്യേഷ്ഠനായ അട്രേവൂസ് തനിക്കു രാജാവാകാന്‍ ഭാഗ്യമുണ്ടാകണമെന്ന പ്രാര്‍ഥനയോടെ ഒരു വഴിപാടു നേര്‍ന്നു. ആര്‍ട്ടിമസ് ദേവിക്കും ഹെര്‍മസ് ദേവനും ആട്ടിന്‍കുട്ടിയെ ബലിയര്‍പ്പിക്കാമെന്നായിരുന്നു നേര്‍ച്ച.
വിവരമറിഞ്ഞ ആര്‍ട്ടിമസ് ദേവി അട്രേവൂസിന്റെ ആത്മാര്‍ഥത ഒന്നു പരീക്ഷിക്കാനുറച്ചു. ബലിയര്‍പ്പിക്കാന്‍ സ്വര്‍ണ നിറമുള്ള ആടിനെ അട്രേവുസിനു നല്കുക. വിലമതിക്കാനാവാത്ത ആ ആടിനെ അയാള്‍ ബലിയര്‍പ്പിക്കുമോയെന്ന് അറിയണം. ആര്‍ട്ടിമസ് ദേവി തീരുമാനിച്ചു. അതനുസരിച്ച് തിളങ്ങുന്ന സ്വര്‍ണരോമങ്ങളുള്ള ആടിനെ അട്രേവൂസിന്റെ മന്ദിരത്തിലെത്തിച്ചു.
സര്‍ണാടിനെ കണ്ട അട്രേവൂസിന് അതിനെ ബലിയര്‍പ്പിക്കാന്‍ വല്ലാത്ത വിഷമം. എങ്കിലും വഴിപാട് പൂര്‍ത്തി യാക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ആടിനെ കൊന്ന് അതിന്റെ മാംസം ആര്‍ട്ടിമസ് ദേവിക്കും ഹെര്‍മസ് ദേവനും ബലി യര്‍പ്പിച്ചു. സ്വര്‍ണ രോമമുള്ള ആട്ടിന്‍തോല്‍ സുഗന്ധദ്രവ്യങ്ങള്‍ പുരട്ടി ഉണക്കി കേടുവരാതെ സൂക്ഷിച്ചു. പറ്റാ വുന്നിടത്തൊക്കെ അദ്ദേഹമതു പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
‘മൂത്തമകനായ എനിക്ക് അച്ഛന്‍ സമ്മാനിച്ച അപൂര്‍വ സ്വത്താണിത്. എല്ലാ അവകാശങ്ങളും എനിക്കാണെന്നാണ് അച്ഛന്‍ മരിക്കുംമുമ്പേ പറഞ്ഞിരുന്നത്.’ എന്നു കൂട്ടിച്ചേര്‍ക്കാനും അട്രേവൂസ് മറന്നില്ല.
ആരു രാജാവാകണമെന്ന തര്‍ക്കം പ്രഭുസഭയില്‍ വന്നപ്പോള്‍ പലരും ഇക്കാര്യം ഓര്‍ത്തു. മൂത്തവനും അവകാശിയുമായ അട്രേവുസ് തന്നെയാവട്ടെ രാജാവെന്നു തീരുമാനമമായി. വൈകാതെതന്നെ അദ്ദേഹത്തെ രാജാവായി വാഴിച്ചു.
അനുജനായ തൈസ്റ്റസിന് ഇതു സഹിച്ചില്ല. ജ്യേഷ്ഠന്‍ കള്ളം പറഞ്ഞാണ് രാജാവായതെന്ന് തൈസ്റ്റസിനറിയാം. അച്ഛനു സ്വര്‍ണ രോമത്തോല്‍ ഉണ്ടായിരുന്നില്ലെന്ന് നല്ല ബോധ്യമുണ്ട്. പക്ഷേ അതു ജനത്തെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല.
അങ്ങനെയിരിക്കേയാണ് തൈസ്റ്റസിന്റെ കാമുകിയും അതീവ സുന്ദരിയുമായ യൂറോപ്പയെ അട്രേവൂസ് രാജാവ് റാഞ്ചിയത്. അവളെ ഭീഷണിപ്പെടുത്തി അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു.
കുറേനാള്‍ കഴിഞ്ഞപ്പോള്‍ തൈസ്റ്റസ് യൂറോപ്പയെ ഒറ്റയ്ക്കു കണ്ടുമുട്ടി. അട്രേവൂസ് തന്നെ ഭീഷണിപ്പെടുത്തി ഭാര്യയാക്കിയ കയ്‌പേറിയ കഥ അവള്‍ കണ്ണീരോടെ വിവരിച്ചു. ‘നീ എനിക്കൊരു ഉപകാരം ചെയ്യുമോ?’- ഇതുതന്നെ നല്ല അവസര മെന്നു കണക്കുകൂട്ടിയ തൈസ്റ്റസ് യുറോപ്പയോടു പറഞ്ഞു- ‘അട്രേവൂസ് ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണരോമത്തോല്‍ ആരുമറിയാതെ എനിക്ക് എത്തിച്ചുതരണം.’ അവള്‍ സമ്മതിച്ചു. രഹസ്യമായി അത് തൈസ്റ്റസിനു കൈമാറുകയും ചെയ്തു.
ഒരിക്കല്‍ പ്രഭുസഭ സമ്മേളിച്ചുകൊണ്ടിരിക്കേ, തൈസ്റ്റസ് വേദിയിലെത്തി.
‘ബഹുമാന്യരായ പ്രഭുക്കന്മാരെ, നിങ്ങളെല്ലാം കബളിപ്പിക്കപ്പെട്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ അട്രേവുസിന്റെയും എന്റെയും അച്ഛന്‍ എനിക്കാണ് എല്ലാ അവകാശവും തന്നിരുന്നത്. സ്വര്‍ണരോമത്തോലും എനിക്കാണു തന്നത്. അത് ആരു മോഷ്ടിച്ചാലും ആഴ്ചകള്‍ക്കകം എന്റെ അധീനതയിലേക്കു മടങ്ങിവരുമെന്ന് അദ്ദേഹം എനിക്ക് ഒരു വരവും നല്കിയിരുന്നു. യഥാര്‍ഥത്തില്‍ രാജാവാകാനുള്ള അവകാശം എനിക്കാണ്’- തൈസ്റ്റസ് പ്രസംഗം കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു.
ഉടനേ അട്രേവൂസ് എഴുന്നേറ്റ് സ്വര്‍ണരോമത്തോല്‍ തന്റേതാണെന്നും തന്റെ കൈയില്‍ ഇപ്പോഴും അതു സുരക്ഷിതമായി ഉണ്ടെന്നും വാദിച്ചു.
‘എങ്കില്‍ ഇപ്പോള്‍ത്തന്നെ അതു പരിശോധിക്കണം. സ്വര്‍ണരോമത്തോല്‍ ആരുടെ കൈയിലാണോ അയാള്‍ രാജാ വാകുകയും വേണം.’ തൈസ്റ്റസിന്റെ നിര്‍ദേശം പ്രഭുസഭയും അട്രേവൂസും തലകുലുക്കി സമ്മതിച്ചു. കൊട്ടാരത്തില്‍ അതീവ ബന്തവസോടെ സൂക്ഷിച്ചിരുന്ന സ്വര്‍ണരോമത്തോല്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് അട്രേവൂസിന് അത്രയും ഉറപ്പുണ്ടായിരുന്നു.
അട്രേവൂസും പ്രഭുക്കന്മാരും പരിചാരകരും കൊട്ടാരത്തില്‍ തെരഞ്ഞിട്ടും സ്വര്‍ണരോമത്തോല്‍ കണ്ടെത്താനായില്ല. പിന്നെ അവര്‍ പോയത് തൈസ്റ്റസിന്റെ മന്ദിരത്തിലേക്കാണ്. അവിടെ സ്വര്‍ണരോമത്തോല്‍ കണ്ടെടുക്കുകയും ചെയ്തു. മുന്‍നിശ്ചയമനുസരിച്ച് അട്രേവൂസിനെ സ്ഥാനഭ്രഷ്ടനാക്കി തൈസ്റ്റസിനെ രാജാവായി അഭിഷേകം ചെയ്തു. കാമുകിയായ യുറോപ്പയെ വീണ്ടെടുത്ത് തൈസ്റ്റസ് രാജ്യം ഭരിച്ചു.
അങ്ങനെയാണ് ഈ ഗ്രീക്ക് പുരാണകഥ. എന്നാല്‍ ഇന്നാണെങ്കില്‍ കള്ളത്തരം കാണിച്ചതിന് അട്രേവൂസിനേയും മോഷ്ടിച്ചതിന് തൈസ്റ്റസിനേയും യൂറോപ്പയേയും അകത്തായിട്ടുണ്ടാകും.