ആരോഗ്യവും രുചിയും ഒരുപോലെ വേണമെങ്കില്‍ ആവിയില്‍ വേവിച്ച ഭക്ഷണം ശീലമാക്കാം. ഇവ പോഷകങ്ങളുടെ കലവറയായിരിക്കും. കുറഞ്ഞ കലോറി ആയതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും കൂടെകൂട്ടാം. ദഹനപ്രക്രിയയും സുഗമമായിരിക്കും. ആവിയില്‍ വേവിക്കുമ്പോള്‍ പഴങ്ങളും പച്ചക്കറികളുമെല്ലാം അവയുടെ പോഷകങ്ങള്‍ നിലനിര്‍ത്തും. ഇത് ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായ സാഹചര്യമുണ്ടാക്കും. ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. കൊളസ്ട്രോള്‍ പ്രശ്നമുണ്ടെങ്കില്‍ ആവിയില്‍ വേവിച്ച ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. എണ്ണ, നെയ്യ് എന്നിവ ഒഴിവാക്കുന്നത് ദീര്‍ഘകാലം ആരോഗ്യം നിലനിര്‍ത്താനും നല്ലതാണ്. പഴങ്ങളുടെയും പച്ചക്കറികളുടെയും ആകര്‍ഷകമായ നിറങ്ങള്‍ നഷ്ടപ്പെടാതെ അവ പ്ലേറ്റിലേക്കെത്തിക്കാന്‍ മികച്ച പാചകരീതിയാണിത്. രുചിയുടെ കാര്യത്തിലും സംശയം വേണ്ട. വിഭവങ്ങളുടെ സ്വാഭാവിക രുചി സംരക്ഷിച്ചുകൊണ്ട് പാചകം പൂര്‍ത്തിയാക്കാം. അമിതമായി വെന്തുപോകുമെന്നോ കരിഞ്ഞുപോകുമെന്നോ പേടിക്കുകയും വേണ്ട. ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമങ്ങളിലാണെങ്കില്‍ ഇതിനോടകം ആവിയില്‍ പുഴുങ്ങിയ ഭക്ഷണം നിങ്ങളുടെ ഡയറ്റില്‍ കൂടുകൂട്ടിയിട്ടുണ്ടാകും. ചിലര്‍ പഴങ്ങളും പച്ചക്കറികളും പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കാറുണ്ട്, ഇത് ചിലപ്പോള്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ആവിയില്‍ വേവിച്ച് കഴിക്കുന്നതാണ്.