പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്. സ്റ്റാറ്റസിന്റെ കാലാവധി 24 മണിക്കൂറില്‍ നിന്ന് രണ്ടാഴ്ചത്തേയ്ക്ക് നീട്ടാനും കോളിന്റെ സമയത്ത് ഐപി അഡ്രസ് മറുതലയ്ക്കുള്ള ആള്‍ക്ക് ലഭിക്കാതെ സ്വകാര്യത സംരക്ഷിക്കാനുമുള്ള ഫീച്ചറുകളാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. നിലവില്‍ സ്റ്റാറ്റസിന്റെ കാലാവധി 24 മണിക്കൂറാണ്. പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് ഇടാന്‍ കഴിയുന്നതായിരിക്കും പുതിയ ഓപ്ഷന്‍. കൂടാതെ നിലവിലുള്ള 24 മണിക്കൂറിന് പുറമേ മൂന്ന് ദിവസം, ഒരാഴ്ച എന്നിങ്ങനെ മറ്റു ഓപ്ഷനുകളുമുണ്ടാകും. ഇതില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് സ്റ്റാറ്റസ് സമയപരിധി സെറ്റ് ചെയ്യാന്‍ കഴിയുന്നവിധം സംവിധാനം ഒരുക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ ടെക്സ്റ്റ് സ്റ്റാറ്റസുകള്‍ക്കായാണ് ഈ ഫീച്ചര്‍ കൊണ്ടുവരിക. വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യുന്നതിനിടെ മറുതലയ്ക്കുള്ള ആള്‍ക്ക് ഉപഭോക്താവിന്റെ ഐപി അഡ്രസ് ലഭിക്കുന്നത് തടഞ്ഞ് സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് മറ്റൊരു ഫീച്ചര്‍. ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ, കോളുകള്‍ എന്‍ഡ്- ടു – എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി മാറും. എന്നാല്‍ സുരക്ഷയുടെ ഭാഗമായുള്ള ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ കോള്‍ ക്വാളിറ്റിയില്‍ കുറവ് സംഭവിക്കാം. അജ്ഞാതരായ ആളുകളെ വിളിക്കുമ്പോഴാണ് ഈ ഫീച്ചര്‍ കൂടുതല്‍ പ്രയോജനപ്രദമാകുക.