കേരളത്തിൽ നിന്നുള്ള തത്വചിന്തകനും സന്യാസിയും കേരള നവോത്ഥാന ചരിത്രത്തിലെ ഒരു സാമൂഹ്യ പരിഷ്കർത്താവും ആയിരുന്നു ശ്രീനാരായണഗുരു. ഇന്ന് അറിയാക്കഥകളിലൂടെ നമുക്ക് ശ്രീനാരായണഗുരുവിനെ കുറിച്ച് കൂടുതലായി അറിയാം…..!!!
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിക്കുന്നതിൽ പങ്കു വഹിച്ചു.
ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു. വിവേകം താനേ വരില്ല, യത്നിക്കാൻ ധാരാളം വായിക്കണം എന്ന് പഠിപ്പിച്ചു ഗുരു. താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു.രണ്ടുതവണ ശ്രീലങ്ക സന്ദർശിക്കുകയും അവിടെ ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും ചെയ്തു.
തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. 1916-ൽ ജാതിയില്ലാ വിളംബരത്തിലൂടെ താൻ ഒരു ജാതിയുടെയും മതത്തിന്റെയും വക്താവായ ആളല്ലെന്നും ഗുരു വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമപ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ കൊല്ലവർഷം 1032 ചിങ്ങം 5നാണ് ശ്രീനാരായണഗുരു ജനിച്ചത്. ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം 20ന്ചതയം നക്ഷത്രത്തിൽ ആയിരുന്നു ജനനം. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു.
അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ് കുട്ടിക്കാലത്ത് അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ശ്രീനാരായണഗുരു ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു.
നാണുവിന്റെ പതിനഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചു , തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. ചെറുപ്പത്തിലേ കാർഷികവൃത്തിയിൽ നാണു തൽപ്പരനായിരുന്നു.ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു.
ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന് പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുമുണ്ടായി.ശ്രീനാരായണ ഗുരുവിനെക്കുറിച്ച് അറിയാൻ ഇനിയും ഏറെയുണ്ട് . അറിയാക്കഥകളുടെ അടുത്ത ഭാഗങ്ങളിലൂടെ അവ നമുക്ക് വായിച്ചു മനസ്സിലാക്കാം.