ഇന്ദ്രന്‍സിനെ നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനില്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത വാമനന് എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. ‘ഇടനെഞ്ചില്‍ തീയും’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. നിതിന്‍ ജോര്‍ജ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് വിധു പ്രതാപ് ആണ്. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് വാമനന്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഹോം സ്റ്റേ മാനേജര്‍ ആണ് ഇന്ദ്രന്‍സിന്റെ കഥാപാത്രം. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ ബി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ധനുഷിന്റേതായി പ്രേക്ഷകര്‍ വിജയ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ‘വാത്തി’. വെങ്കി അറ്റ്ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. ‘വാത്തി’യുടെ ഓഡിയോ റൈറ്റ്സ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്കാണ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്ലൂരി തന്നെയാണ്.
ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞ് 81.52 ലേക്കെത്തി. അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ രൂപയെ പുറകോട്ട് വലിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ ചരിത്രത്തില്‍ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് ഡോളറിനെതിരെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ 82 രൂപ മുതല്‍ 83.5 രൂപ വരെ ഇടിയുമെന്നാണ് കരുതുന്നത്.
ഓഹരി സൂചികകളിലും നഷ്ടം തുടരുന്നു. നിഫ്റ്റി 17,200ന് താഴെയെത്തി. സെന്‍സെക്സ് 750 പോയന്റ് നഷ്ടത്തില്‍ 57,282ലിലും നിഫ്റ്റി 200 പോയന്റ് താഴ്ന്ന് 17,100ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. യുഎസ് ട്രഷറി ആദായം 3.73ശതമാനത്തിലെത്തിയും ഡോളര്‍ സൂചിക 113 മുകളില്‍ തുടരുന്നതുമാണ് പ്രധാന കാരണം. വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍മാരാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ നെറ്റ് സെല്ലര്‍മാര്‍. വെള്ളിയാഴ്ച മാത്രം ഇവര്‍ 29000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചതെന്നാണ് സ്റ്റോക് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നത്.
മാക്സി-സ്കൂട്ടര്‍ ശ്രേണിയില്‍ യമഹ വിപണിയിലെത്തിച്ച ഏറോക്സ് 155ന്റെ മോട്ടോ ജിപി എഡിഷന്റെ ഇന്ത്യയിലെ വില കമ്പനി പ്രഖ്യാപിച്ചു. 1.41 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. രാജ്യത്ത് യമഹയുടെ ബ്ളൂ സ്ക്വയര്‍ പ്രീമിയം ഔട്ട്ലെറ്റുകളിലൂടെ സ്കൂട്ടര്‍ ബുക്ക് ചെയ്യാം. മെറ്റാലിക് ബ്ളാക്ക്, റേസിംഗ് ബ്ളൂ, ഗ്രേ വെര്‍മിലോണ്‍ നിറഭേദങ്ങളുണ്ട്. പുറമെ നേരത്തേ മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോ ജിപി എഡിഷനും യമഹ പുറത്തിറക്കിയിരുന്നു. 2021 സെപ്തംബറിലാണ് യമഹ ഏറോക്സ് 155ന്റെ ആദ്യ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കിയത്. 14.7 ബി.എച്ച്.പി കരുത്തുള്ളതാണ് 155 സി.സി. എന്ജിന്.
ശരിതെറ്റുകളുടെ വിധികര്‍ത്താവാകാതെ കാര്യങ്ങളെ അപ്പടി പകര്‍ത്തുക എന്ന നിര്‍മമതയുടെ ശൈലിയില്‍ ചെക്കോവ് കോറിയിട്ട ജീവിതങ്ങള്‍. കുശുമ്പും കുന്നായ്മയും വിദ്വേഷവും അര്‍ത്തിയും സ്നേഹവും സഹാനുഭൂതിയും ഒക്കെച്ചേര്‍ന്ന സാമൂഹത്തിന്റെ പരിച്ഛേദം. ‘അരുവിത്താഴ് വരയിലെ ഗ്രാമത്തില്‍’. ആന്റണ്‍ ചെക്കോവ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 119 രൂപ.
നന്നായി ഉറങ്ങാന്‍ കഴിയാത്തത് ക്ഷീണം, തലകറക്കം, തലവേദന തുടങ്ങി ശാരീരീകമായും പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഉറക്കം എന്നത് മനുഷ്യന് എറ്റവും അത്യാവശ്യം വേണ്ടതാണ്. കൃത്യമായി ഉറങ്ങാന്‍ കഴിയുന്നവരിലാണ് മാനസികവും ശാരീരികവുമായ ആരോഗ്യം ഉണ്ടാകൂ. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാനും ഉറക്കത്തിനു കഴിയും. കോശങ്ങളുടെ കേടുപാടുകളെ പരിഹരിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാനും ഉറക്കം അത്യാവശ്യമാണ്. കാരണം ഈ അവസ്ഥയിലാണ് ശരീരം എറ്റവും സമാധാനമായി ഇരിക്കുന്നത്. ഉറക്കഗുളികകള്ക്കു പകരം കൃത്യമായ ശീലത്തിലൂടെ നന്നായി ഉറങ്ങാം. നല്ല ഉറക്കം നിങ്ങളുടെ ശരീരത്തെ വിശ്രമിക്കാന്‍ സഹായിക്കുന്നു. ഇത് ഓര്‍മ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടല്‍, ആശയകുഴപ്പം എന്നീ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസിനെ ഏകാഗ്രമാക്കി, ഉറങ്ങണം എന്ന ഉറച്ച ബോധ്യത്തോടെ വേണം കിടക്കാന്‍.എല്ലാ ദിവസവും ഒരു സമയം ഉറങ്ങുകയും ഒരു സമയം ഉണരുകയും ചെയ്യുന്നത് കൃത്യമായ ജീവിതശൈലി ഉണ്ടാക്കുവാനും നല്ല ഉറക്കത്തിനും സഹായിക്കും. ഉറക്കം ശരീരത്തിനും മനസിനും പോസിറ്റീവ് പവര്‍ നല്കുന്നു. എന്നാല്‍ ഉച്ചയുറക്കം ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. രാത്രി ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുവാന്‍ ശ്രമിക്കരുത്. കുറച്ചു സമയം ശാന്തമായി പതിയെ നടക്കുന്നതും നല്ലതാണ്. കോഫി അല്ലെങ്കില്‍ കഫീന്‍ അടങ്ങിയ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക. ഉറക്കത്തിലേക്ക് പോകുവാനായി സംഗീതം കേള്‍ക്കുകയോ പുസ്തകം വായിച്ചുക്കുന്നതോ നന്നായിരിക്കും. മാനസികാവസ്ഥ അനുസരിച്ച് മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഉറങ്ങുന്നിടത്ത് വെളിച്ചം ബുദ്ധിമുട്ട് ഉണ്ടാക്കുന്നങ്കില് അതും ഒഴിവാക്കാം. ഗുരുതരമായ ഉറക്ക പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ സഹായം തേടുന്നത് നന്നായിരിക്കും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.57, പൗണ്ട് – 87.57, യൂറോ – 78.84, സ്വിസ് ഫ്രാങ്ക് – 82.87, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.09, ബഹറിന്‍ ദിനാര്‍ – 216.37, കുവൈത്ത് ദിനാര്‍ -262.57, ഒമാനി റിയാല്‍ – 211.89, സൗദി റിയാല്‍ – 21.70, യു.എ.ഇ ദിര്‍ഹം – 22.21, ഖത്തര്‍ റിയാല്‍ – 22.41, കനേഡിയന്‍ ഡോളര്‍ – 59.95.