90-ാം ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വർക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു.
ഇന്ന് നിര്യാതയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന് പ്രതിരോധ മന്ത്രി ശിവഗിരിയിലെ ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
ശിവഗിരി തീർത്ഥാടനത്തിൻ്റെ നവതിയും ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിൻ്റെ കനകജൂബിലിയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ ശിവഗിരി സന്ദർശനത്തിൻ്റെ ശതാബ്ദിയും ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. കൊവിഡ് മൂലം മൂന്ന് വർഷത്തിന് ശേഷം നടത്തുന്ന ശിവഗിരി തീർത്ഥാടനത്തിലേയ്ക്ക് വൈകിട്ടോടെ വിവിധ ജില്ലകളിൽ നിന്നുള്ള പദയാത്രകൾ എത്തിച്ചേരും.
രാജ്നാഥ് സിംഗിൻ്റെ പ്രസംഗത്തിൽ നിന്ന്.
ശ്രീനാരായണ ഗുരു രാജ്യത്ത് ആകമാനം സഞ്ചരിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. സംസ്കാരികമായ ഏകത്വം നടപ്പാക്കിയത് ശ്രീനാരായണ ഗുരു ആണ്. എല്ലാവരും ഒന്നാണെന്ന സങ്കൽപത്തിലാണ് ഇവിടെയുള്ളവരെല്ലാം. സാംസ്കാരിക പാരമ്പര്യം നാം ലോകത്തെ അറിയിച്ചു മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങളെയും തുല്യമായി കണ്ടു. ഉപനിഷത്തുകളിലും ഇതേ സങ്കൽപം കാണാം. തത്ത്വമസി എന്ന സങ്കല്പം തന്നെ മഹത്തരമാണ്. ഭക്തകവി തുളസീദാസും എല്ലാവരും ഒന്നാണെന്നാണ് പറഞ്ഞത്.
സമൂഹത്തിൽ ഈശ്വര ആരാധന ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നു. ആ കാലത്തായിരുന്നു ശ്രീനാരായണ ഗുരു താഴേത്തട്ടിലുള്ളവർക്ക് വേണ്ടി പ്രയത്നിച്ചത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശം മഹത്തരമാണ്. സമൂഹമാറ്റത്തിന് വേണ്ടിയാണ് ഗുരു പ്രവർത്തിച്ചത്. മനുഷ്യനും ദൈവവും ഒന്നാണെന്ന സങ്കൽപം ലളിതമായ ഭാഷയിൽ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു. ഗുരുദേവൻ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഏറെ പറഞ്ഞിരുന്നു. വിദ്യ നേടിയാൽ സമൂഹത്തിന് മുന്നോട്ട് പോകാം എന്ന് ഗുരുദേവൻ പറഞ്ഞു.
വടക്കേയിന്ത്യയിലെ ആത്മീയ ചൈതന്യമുള്ള സ്ഥലമാണ് കാശിയെങ്കിൽ തെക്കൻ ഭാഗത്ത് അത് വർക്കലയാണ്. സമുദായം മുന്നോട്ട് പോകണമെങ്കിൽ സംഘടിതമാകണം എന്ന് ഗുരുദേവൻ പറഞ്ഞു. മുഴുവൻ ഭാരതീയരും സംഘടിതമായി മുന്നോട്ട് പോകണം. വർക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടൻ നടപ്പിലാക്കും. സമയബന്ധിതമായി തന്നെ പദ്ധതി നടപ്പാക്കും.