കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരികള്‍ കുറിച്ചിട്ടത് എക്കാലത്തെയും പുതിയ ഉയരം. നിലവില്‍ 6.49 ശതമാനം നേട്ടവുമായി 1,258 രൂപയിലാണ് ഓഹരി വിലയുള്ളത്. കഴിഞ്ഞമാസം അവസാനവാരം 14,300 കോടി രൂപ നിലവാരത്തിലായിരുന്ന കൊച്ചി കപ്പല്‍ശാലയുടെ വിപണിമൂല്യം 16,922.01 കോടി രൂപയിലുമെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ 25 ശതമാനവും ആറ് മാസത്തിനിടെ 120 ശതമാനത്തോളവും ഒരുവര്‍ഷത്തിനിടെ 96 ശതമാനവും നേട്ടം കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ആയിരം കോടിയോളം രൂപ മതിക്കുന്ന 87.49 ലക്ഷത്തോളം ഓഹരികളാണ് കഴിഞ്ഞ ദിവസം കൈമാറ്റം ചെയ്യപ്പെട്ടത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് എട്ട് രൂപ വീതം കമ്പനി 2023-24ലെ ഇടക്കാല ലാഭവിഹിതമായി പ്രഖ്യാപിച്ചിരുന്നു. ഇതിപ്പോള്‍ വിതരണം ചെയ്തിട്ടുണ്ടെന്നതും ഓഹരികള്‍ക്ക് ഉന്മേഷം പകര്‍ന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലത്തോട് അനുബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 22,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൊച്ചി കപ്പല്‍ശാലയുടെ കൈവശമുണ്ട്. ഏകദേശം 13,000 കോടി രൂപയുടെ കൂടി ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുമുണ്ട്. ഇന്ത്യയുടെ ആദ്യ തദ്ദേശ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് നിര്‍മ്മിച്ച് നേവിക്ക് കൈമാറിയത് കൊച്ചി കപ്പല്‍ശാലയാണ്. രണ്ടാമത്തെ തദ്ദേശ വിമാനവാഹിനി കപ്പലിന്റെ ഓര്‍ഡറും കൊച്ചി കപ്പല്‍ശാലയ്ക്ക് തന്നെയാണ്.