രാജ്യത്തെ അഞ്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയുടെ ഓഹരികളാണ് സര്‍ക്കാര്‍ വില്‍പ്പനയ്ക്കൊരുങ്ങുന്നത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ 25 ശതമാനം ഓഹരികള്‍ പൊതു ഓഹരിയുടമകളുടെ കൈവശമായിരിക്കണമെന്ന സെബിയുടെ നിബന്ധന പാലിക്കാത്തതിനാലാണ് ഈ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്. ലിസ്റ്റഡ് കമ്പനികളില്‍ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 75 ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ലെന്ന നിബന്ധന പാലിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് ഓഗസ്റ്റ് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍, തിരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്ക് ഓഹരി കൈമാറല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഓഹരി വിഹിതം കുറയ്ക്കാം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 3.62 ശതമാനവും യൂക്കോ ബാങ്കില്‍ 4.61 ശതമാനവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 6.92 ശതമാനവും ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 13.54 ശതമാനവും മാത്രമാണ് പൊതു ഓഹരികള്‍. ബാക്കി ഓഹരികള്‍ സര്‍ക്കാരാണ് കൈവശം വച്ചിരിക്കുന്നത്. അതായത് നിലവില്‍ ഈ നാല് ബാങ്കുകളിലും സര്‍ക്കാര്‍ പങ്കാളിത്തം 90 ശതമാനത്തില്‍ കൂടുതലാണ്. 18 മുതല്‍ 23 ശതമാനം വരെ ഓഹരി പങ്കാളിത്തം കുറയ്ക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ പൊതു ഓഹരി പങ്കാളിത്തം 23.01 ശതമാനത്തില്‍ നിന്ന് 25.24 ശതമാനം ആക്കിയിരുന്നു. 3,000 കോടി രൂപയാണ് ബാങ്ക് സമാഹരിച്ചത്.