പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ പ്രസംഗം സിപിഎം സുപ്രീംകോടതിയിൽ ഉന്നയിക്കും. സുപ്രീംകോടതി വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ ഹർജികൾ പരിഗണിക്കുമ്പോള്‍ സിപിഎം പിബി അംഗം നേതാവ് വൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍ വിഷയം കോടതിയില്‍ ഉന്നയിക്കുമെന്നാന്ന് റിപ്പോർട്ട്. വിദ്വേഷ പ്രസംഗ വിഷയത്തില്‍ മോദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി മന്ദിര്‍മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ വൃന്ദ കാരാട്ട് പരാതി നല്‍കിയിരുന്നുവെങ്കിലും ആ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇക്കാര്യവും കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് സൂചന.

പി വി അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകി.രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണമെന്ന പരാമർശത്തിൽ പൊലീസിലും തെരഞ്ഞെടുപ്പ്  കമ്മീഷനുമാണ് കോൺഗ്രസ് പരാതി നൽകിയത്. കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡണ്ടാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്.

പി വി അൻവറിൻ്റെത് നിലവാരമില്ലാത്ത പ്രസ്താവനയാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് പരാമർശമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, അൻവറിനെക്കൊണ്ട് മുഖ്യമന്ത്രി പറയിപ്പിച്ചത് ഗാന്ധി കുടുംബത്തോടു കാണിക്കുന്ന ക്രൂരതയാണെന്നും കസവ് കെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശൻ പരിഹസിച്ചു.

ഏപ്രിൽ 26ന്  സംസ്ഥാനത്ത്  പൊതു അവധി . കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഏപ്രിൽ 26 നാണ്. അന്നേദിവസം സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധിയാണ്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിൽ വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം . കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെൻ്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി. വളരെ ലാഘവത്തോടെയാണ് റെയിൽ പൊലീസ് പെരുമാറിയതെന്ന് ടിടിഇ ആരോപിച്ചു. ട്രെയിനിൽ കൂടെ വരാൻ പോലും അവര്‍ തയ്യാറായില്ലെന്നും വനിതാ ടിടിഎ കുറ്റപ്പെടുത്തി.

ഷാഫി പറമ്പിലിനെതിരെ എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി കെ കെ ശൈലജ സൈബർ അധിക്ഷേപം ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്‍റുകളും പിന്‍വലിച്ച് ഷാഫി മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം എല്ലാ കാര്യങ്ങൾക്കും മറുപടി നൽകുമെന്നും കെകെ ശൈലജ പറഞ്ഞു.

ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും കാന്തപുരം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ശോഭ സുരേന്ദ്രനെതിരെ വീണ്ടും ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. പികെ കുഞ്ഞാലിക്കുട്ടി ,രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരെ ബി ജെ പി യിലെത്തിക്കാൻ ശോഭയെ പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ചുവെന്നും ദല്ലാൾ നന്ദകുമാര്‍ ആരോപിച്ചു. എന്നാൽ നീക്കം പാളിയെന്നും ദല്ലാൾ നന്ദകുമാര്‍ പറഞ്ഞു. പോണ്ടിച്ചേരി ലഫ്റ്റ്നെന്‍റ് ഗവര്‍ണറാകാൻ ശോഭ വഴിവിട്ട നീക്കങ്ങൾ നടത്തി. വിവരങ്ങൾ എല്ലാം തനിക്കറിയാമെന്നും നന്ദകുമാര്‍ ആരോപിച്ചു.

ആലപ്പുഴയിൽ താൻ ജയിക്കുമെന്നത് മുന്നിൽ കണ്ടാണ് ദല്ലാൾ നന്ദകുമാ‍ര്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ. പിണറായിയോളം തലപ്പൊക്കമുളള സിപിഎം നേതാവിനെ ബിജെപിയിൽ ചേര്‍ക്കാൻ വേണ്ടി തങ്ങളുടെ ബിജെപി ദേശീയ ഓഫീസിൽ നിരങ്ങിയവനാണ് ദല്ലാൾ നന്ദകുമാറെന്നും, ദല്ലാൾ കോടികളാണ് ദില്ലിയിലെ നേതാക്കളോട് സിപിഎം നേതാവിനെ എത്തിക്കാൻ ചോദിച്ചതെന്ന് ശോഭ പറഞ്ഞു. ഭൂമിയിടപാടിന്റെ അഡ്വാൻസായാണ് 10 ലക്ഷം രൂപ താൻ വാങ്ങിയതെന്നും ശോഭ വിശദീകരിച്ചു.

കളമശേരി സ്ഫോടന കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി മാർട്ടിൻ ഡോമാനിക്കാണ് കേസിലെ ഏക പ്രതി. കഴിഞ്ഞ ഒക്ടോബർ 29 നായിരുന്നു കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ എട്ട് പേരുടെ ജീവനെടുത്ത സ്ഫോടനം നടന്നത്. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പൊലീസിൽ പരാതി ലഭിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം ആണ് പരാതിക്കാരൻ. കോൺഗ്രസ് ആദ്യ പരിഗണന നൽകുന്നത് മുസ്ലിങ്ങൾക്കാണെന്നാണ് മോദി ഇന്നലെ രാജസ്ഥാനിലെ റാലിയിൽ പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്ന് അവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകൾ.

സൗദി ജയിലില്‍ കഴിയുന്ന അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം നീക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. മോചന ദ്രവ്യം കൈമാറുന്നതിലെ സാങ്കേതിക തടസ്സം നീക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. പണം ഉടന്‍ കൈമാറാനുള്ള സംവിധാനം ഒരുക്കും എന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ പൂരത്തിലെ പൊലീസ് ഇടപെടലില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഉത്സവ നടത്തിപ്പിൽ പൊലീസിന്റെ ഇടപെടലിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. തൃശ്ശൂർ പൂരത്തിനിടയെ ഉണ്ടായ പ്രശ്നങ്ങളിൽ ഗൗരവപൂർണ്ണമായ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കെ.കെ. ശൈലജയ്ക്കും എം.വി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിൽ. വ്യാജ വീഡിയോയുടെ പേരിൽ പ്രചരണം നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്  ജില്ലകളിളാലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. നാളെ 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കി സിപിഎം കള്ള വോട്ടിനു ശ്രമിക്കുന്നുവെന്ന ആന്റോ ആന്റണിയുടെ ആരോപണം പരാജയ ഭീതി മൂലമെന്ന് ഡോ. തോമസ് ഐസക്. പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കട്ടെ. പത്തനംതിട്ടയിൽ തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് ആന്‍റോ ആന്‍റണി ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അമ്പത്തിനായിരം വോട്ടിനു പത്തനംതിട്ടയിൽ താൻ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി അറസ്റ്റിലായ സനല്‍. പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. താൻ നിരപരാധിയാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സ്ഥാനാർഥിയെ സ്വീകരിച്ചെങ്കിലും കണ്ണിൽ കൊണ്ടില്ല, മനപൂര്‍വം കെട്ടിചമച്ച കേസാണെന്നും സനല്‍ പറഞ്ഞു.

കേരളത്തിന്റെ ക്ഷേമപെൻഷൻ, സർവീസ് പെൻഷൻ, ശമ്പള കുടിശ്ശികകൾ മുഴുവൻ തീർക്കണമെന്ന് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കേന്ദ്രം ഇനി പണം അനുവദിക്കുമ്പോൾ പെൻഷൻ ശമ്പളം തുടങ്ങിയ കുടിശികകൾ ആദ്യം കൊടുത്തു തീർക്കണമെന്ന് നിബന്ധന വയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി.

റെയിൽവെ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി റെയിൽവെ സ്റ്റേഷനിലേക്കാണ് എക്സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തുക.

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് കരുവന്നൂർ കേസിൽ വീണ്ടും ഇഡിയുടെ സമൻസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാണം. ഇന്നലെയും, ഇന്നും ലഭിച്ച സമൻസുകളിൽ വർഗീസ് ഹാജരായിരുന്നില്ല. ആറാം തവണയാണ് അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യ നിരോധനം. നാളെ വൈകിട്ട് 6 മണി മുതൽ സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും അടച്ചിട്ടും. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും രണ്ടുദിവസത്തേക്കാണ് അടച്ചിടുക. നാളെ വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ, 26 ന് വൈകിട്ട് 6 മണിക്ക് ശേഷo മാത്രമേ തുറക്കുകയുള്ളു. ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.

ലൈംഗിക അതിക്രമ പരാതിയിൽ ചെന്നൈയിലെ ‘കലാക്ഷേത്രയിൽ’ മലയാളി അധ്യാപകൻ അറസ്റ്റിലായി. കലാക്ഷേത്രയിലെ അധ്യാപകൻ ഷീജിത്ത് ‌ കൃഷ്ണ (54) ആണ് അറസ്റ്റിൽ ആയത്. 2007ൽ കലാക്ഷേത്രയിൽ പഠിച്ച വിദേശത്തുള്ള യുവതി ഓൺലൈൻ വഴിയാണ് ഹൈക്കോടതിക്ക് പരാതി നൽകിയത്. കോടതി നിർദേശപ്രകാരം അന്വേഷണം നടത്തിയ പൊലീസ് അധ്യാപകനെ പിടികൂടുകയായിരുന്നു.

കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ജനങ്ങളുടെ സ്വത്ത് പുനർവിതരണം ചെയ്യുമെന്നും പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യോ​ഗി.

ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ. ഇന്നലെ മുതൽ സർവീസുകൾ സാധാരണനിലയിൽ പ്രവർത്തിക്കുന്നതായി എയർപോർട്ട് സിഎഇ പോൾ ​ഗ്രിഫിത്ത്സ് അറിയിച്ചു. ബാ​ഗേജ് വിതരണവും പുരോ​ഗമിക്കുന്നു. കനത്തമഴയെതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുൾപ്പെടെയുളള നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയത്. ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു.

സൂറത്തിലെ കോൺ​ഗ്രസ് സ്ഥാനാർഥിയായിരുന്ന നിലേഷ് കുംഭാനിയെ കാണാതായതായി റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ നാമനിർദ്ദേശപത്രിക തള്ളിയതിനെ തുടർന്ന്തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാർഥി വിജയിച്ചിരുന്നു. ബിജെപിയുടെ മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കുംഭാനിയുടെ തിരോധാനം.

ബസ്സുകളില്‍ സീറ്റുറപ്പിക്കാന്‍ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുല്‍ അമേഠി സീറ്റ് പിടിക്കേണ്ടിവരുമെന്ന് സ്മൃതി ഇറാനി പരിഹസിച്ചു. 15 വർഷം കൊണ്ട് രാഹുൽ ഗാന്ധിക്ക് ചെയ്യാൻ കഴിയാത്തത് താൻ അഞ്ചുവർഷംകൊണ്ട് ചെയ്തെന്ന് സ്മൃതി ഇറാനി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *