നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിനും തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ 2024ല്‍ വിലക്ക് ഏര്‍പ്പെടുത്തിയത് 15,000ത്തിലധികം വെബ്സൈറ്റുകള്‍ക്ക്. കൂടാതെ തെറ്റായ നിക്ഷേപ ഉപദേശം നല്‍കി നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തിയ നിരവധി ഫിനാന്‍ഷ്യല്‍ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് കനത്ത പിഴയും ഈടാക്കി. രവീന്ദ്ര ബാലു ഭാരതി, നസിറുദ്ദീന്‍ അന്‍സാരി ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്കാണ് സെബിയുടെ കടുത്ത നടപടി നേരിടേണ്ടി വന്നത്. ബാപ് ഓഫ് ചാര്‍ട്ട് എന്ന പേരില്‍ സാമൂഹ്യമാധ്യമമായ എക്സില്‍ നിക്ഷേപക ശിപാര്‍ശ നല്‍കിയിരുന്ന അന്‍സാനിയോട് 17 കോടി രൂപ എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കാനും 20 ലക്ഷം രൂപ പിഴയായി അടയ്ക്കാനുമാണ് സെബി ആവശ്യപ്പെട്ടത്. നിക്ഷേപ ഉപദേശകരായ ശുഭാംഗി രവീന്ദ്ര ഭാരതി, രാഹുല്‍ അനന്ത് ഗോസാവി, ധനശ്രീ ചന്ദ്രകാന്ത് ഗിരി എന്നിവരെ ഓഹരി വിപണിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ഫിന്‍ഫ്ളുവന്‍സര്‍മാര്‍ പലരും അവരുടെ വ്യക്തിഗത താത്പര്യങ്ങളുള്ള ഓഹരികള്‍ പ്രോത്സാഹിപ്പിക്കുകയും ഓഹരി വില ഉയര്‍ത്തുകയും ചെയതതായും സെബി കണ്ടെത്തിയിരുന്നു.