സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ബോളിവുഡില്‍ പ്രതീക്ഷിക്കുന്ന വിജയം നേടാത്ത സാഹചര്യത്തില്‍ ചില ചിത്രങ്ങള്‍ മാത്രമാണ് തിയറ്ററുകളില്‍ നന്നായി ഓടിയത്. ഇപ്പോഴിതാ ജൂണ്‍ 2 ന് തിയറ്ററുകളില്‍ എത്തിയ വിക്കി കൌശല്‍ ചിത്രം ‘സര ഹട്‌കെ സര ബച്ച്‌കെ’ മികച്ച പ്രതികരണവും കളക്ഷനുമായി തിയറ്ററുകളില്‍ തുടരുകയാണ്. ചിത്രം ഇതിനകം നേടിയിരിക്കുന്നത് 58.77 കോടിയാണ്. മികച്ച മൌത്ത് പബ്ലിസിറ്റിയുമായി തുടരുന്ന ചിത്രത്തിന് ഇക്കഴിഞ്ഞ വാരാന്ത്യത്തിലും തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഞായറാഴ്ച മാത്രം 7.02 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നുള്ള കണക്കുകളാണ് ഇതൊക്കെ. ലുക്കാ ചുപ്പി, മിമി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ ലക്ഷ്മണ്‍ ഉടേകര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇനാമുള്‍ഹഖ്, സുസ്മിത മുഖര്‍ജി, നീരജ് സൂദ്, രാകേഷ് ബേദി, ഷരീബ് ഹാഷ്മി, ആകാശ് ഖുറാന, കാനുപ്രിയ പണ്ഡിറ്റ്, അനുഭ ഫത്തേപുര, ഹിമാന്‍ഷു കോലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിക്കി കൌശല്‍ നായകനായി എത്തുന്ന ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് സര ഹട്‌കെ സര ബച്ച്‌കെ.