വിവാദ പ്രസംഗത്തിന്റെ പേരില്‍ ആറുമാസം മാറിനിന്നത് സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും താല്‍പ്പര്യം സംരക്ഷിക്കാനെന്ന് സജി ചെറിയാന്‍. തന്‍റെ പേരില്‍ എവിടെയും കേസില്ല. പൊലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണെന്നും സജി ചെറിയാന്‍ പറഞ്ഞു. നിയമവിരുദ്ധമായോ ഭരണഘടനാവിരുദ്ധമായോ താന്‍ ഒന്നും സംസാരിച്ചിട്ടില്ല. തന്‍റെ പേരില്‍ രണ്ട് പരാതിയുണ്ടായിരുന്നു. അത് രണ്ടും തീര്‍പ്പായെന്നും സജി ചെറിയാന്‍ പറഞ്ഞു.
നാളെ വൈകീട്ട് നാലുമണിക്കാണ് സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സജി ചെറിയാനെ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഗവർണർ ഇന്ന് അംഗീകരിക്കുകയായിരുന്നു. ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള ഹർജിയിൽ ആരോപണ വിധേയനായ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം.