രാജ്യത്തെ ഏപ്രില്‍ മാസത്തെ ചില്ലറ പണപ്പെരുപ്പം 69 മാസത്തെ കുറഞ്ഞ നിരക്കില്‍. ഇതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വീണ്ടും കുറയ്ക്കാന്‍ സാധ്യത തെളിയുന്നു. പലിശ നിരക്കുകള്‍ കുറക്കാന്‍ ആര്.ബി.ഐ പരിഗണിക്കുന്ന വിഷയങ്ങളിലൊന്നാണ് ചില്ലറ പണപ്പെരുപ്പം. മാര്‍ച്ചില്‍ 3.34 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. ഏപ്രിലില്‍ ഇത് 3.16 ശതമാനമായി കുറഞ്ഞു. 2019 ജൂലൈയിലാണ് ഇത്രയും കുറവ് രേഖപ്പെടുത്തിയത്. പച്ചക്കറി, പയറ് വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറയാന്‍ പ്രധാന കാരണം. രാജ്യത്തെ ഗ്രാമീണ മേഖലയിലെ ചില്ലറ പണപ്പെരുപ്പം 2.9 ശതമാനവും നഗര മേഖലയിലെ പണപ്പെരുപ്പം 3.4 ശതമാനവുമാണെന്നും ദേശീയ സ്ഥിതിവിവരകണക്ക് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യത്തേക്കാള്‍ (4 ശതമാനം) പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. വിലക്കയറ്റത്തില്‍ ഇക്കുറിയും കേരളം തന്നെയാണ് മുന്നില്‍. തുടര്‍ച്ചയായ നാലാം മാസമാണ് കേരളം മുന്നിലെത്തുന്നത്. 5.94 ശതമാനമാണ് കേരളത്തിലെ പണപ്പെരുപ്പം. മാര്‍ച്ചിലിത് 6.59 ശതമാനമായിരുന്നു. കഴിഞ്ഞ മാസത്തേക്കാള്‍ 0.65 ശതമാനം കുറവ് ഏപ്രിലില്‍ രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 6.46 ശതമാനവും നഗരങ്ങളിലേത് 4.91 ശതമാനവുമാണ്.
ചില്ലറ പണപ്പെരുപ്പം 69 മാസത്തെ കുറഞ്ഞ നിരക്കില്‍
