എസ് സീരീസിലെ ഏറ്റവും കനം കുറഞ്ഞ ഫോണ്‍ പുറത്തിറക്കി സാംസംഗ്. ഇക്കൊല്ലം സെപ്റ്റംബറില്‍ ഐഫോണ്‍ സീരീസില്‍ സ്ലിം ഫോണ്‍ ഇറക്കുമെന്ന് ആപ്പിളും പ്രഖ്യാപിച്ചിരുന്നു. ഇതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഗാലക്സി എസ് 25 എഡ്ജ് വിപണിയിലെത്തിച്ചാണ് സാംസംഗ് ഞെട്ടിച്ചിരിക്കുന്നത്. 163 ഗ്രാം ഭാരവും 5.8 മില്ലിമീറ്റര്‍ കനവുമുള്ള എസ് 25 ടൈറ്റാനിയം ഫ്രെയിമിലാണ് നിര്‍മിച്ചിരിക്കുന്നത്. സുരക്ഷക്കായി മുന്‍വശത്ത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 ഉള്‍പ്പെടുത്തി. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സുരക്ഷയാണ് പിന്‍ഭാഗത്തുള്ളത്. ഐ.പി 68 റേറ്റിംഗില്‍ വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സും ഉറപ്പാക്കിയിട്ടുണ്ട്. 6.7 ഇഞ്ച് ക്വാഡ് എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ 120 ഹെര്‍ട്സിന്റെ റിഫ്രഷ് റേറ്റും നല്‍കും. ആന്‍ഡ്രോയിഡ് 15ല്‍ അധിഷ്ഠിതമായ വണ്‍ യു.ഐ 7ലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഫൈവ് ജി, ബ്ലൂടൂത്ത് 5.4, എന്‍.എഫ്.സി, ജി.പി.എസ്, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 ജി.ബി റാമില്‍ 256 ജി.ബി, 512 ജി.ബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ ലഭ്യമാവുക. 12 ജി.ബി-256 ജി.ബി പതിപ്പിന് 1,09,999 രൂപയാണ് ഇന്ത്യയിലെ വില. 512 ജി.ബി പതിപ്പിന് 1,21,999 രൂപയാകും. ടൈറ്റാനിയം സില്‍വര്‍, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.
കനം കുറഞ്ഞ ഫോണ്‍ പുറത്തിറക്കി സാംസംഗ്
