പാഠ്യപദ്ധതി പരിഷ്കരിക്കുക ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ടെന്ന് മന്ത്രി ശിവൻകുട്ടി
ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ടായിരിക്കും സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.
അന്ധവിശ്വാസങ്ങളില്‍ നിന്നും തെറ്റായ പ്രവണതകളില്‍ നിന്നും ശാസ്ത്ര അവബോധം നമ്മെ പിന്തിരിപ്പിക്കുമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
എറണാകുളം ടൗൺഹാളിൽ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവവും വൊക്കേഷനൽ എക്‌സ്‌പോയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മള്‍ ശാസ്ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര മേളയിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക അവധിക്കാല ക്യാംപ് സംഘടിപ്പിക്കുമെന്നും ശാസ്ത്ര അഭിരുചിയും താൽപര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.