ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കുമായി റിലയന്‍സ് ജിയോ കരാറില്‍ ഏര്‍പ്പെട്ടു. സ്റ്റാര്‍ലിങ്കിന് സ്പെക്ട്രം നല്‍കുന്നത് സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തിയ ജിയോ അപ്രതീക്ഷിതമായാണ് പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. സ്പേസ് എക്സുമായി ഭാരതി എയര്‍ടെല്‍ സമാനമായ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് ജിയോയുമായി സ്റ്റാര്‍ ലിങ്ക് കരാറില്‍ ഏര്‍പ്പെട്ടത്. തങ്ങള്‍ക്ക് ലേലത്തിലൂടെ നല്‍കിയതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സ്റ്റാര്‍ ലിങ്കിന് എയര്‍വേവുകള്‍ക്ക് നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ലേലം നടത്തണമെന്ന് ജിയോയും എയര്‍ടെല്ലും ആവശ്യപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ ജിയോയുടെയും ലോകത്തിലെ മുന്‍നിര ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ സ്റ്റാര്‍ലിങ്കിന്റെയും സേവനങ്ങള്‍ ഇരുകമ്പനികള്‍ക്കും ഉപയോഗിക്കാം. ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും ഉള്‍പ്പെടെ രാജ്യത്തുടനീളം വിശ്വസനീയമായ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് ഗുണം ചെയ്യുമെന്ന് റിലയന്‍സ് ജിയോ പ്രസ്താവനയില്‍ പറഞ്ഞു.