ചുവന്ന ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. കുടലിലെ അള്‍സര്‍, സോറിയാസിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ചുവന്ന ചീര കഴിക്കുന്നത് രോഗശമനം എളുപ്പമാക്കും. ആര്‍ത്തവരക്തനഷ്ടം മൂലമുള്ള ക്ഷീണം കുറയ്ക്കാന്‍ ചവന്ന ചീര ഗുണം ചെയ്യും. ഇതിലൂടെ അമിതരക്തസ്രാവത്തെ തടയാനും കഴിയും. ചീരയില മാത്രം ചേര്‍ത്തുള്ള കഷായം മൂത്രനാളീരോഗങ്ങള്‍ക്ക് ആശ്വാസമേകും. തൊണ്ടയിലെ കുരുക്കള്‍ ശമിക്കാന്‍ ചുവന്ന ചീരയിലകള്‍ ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം കവിള്‍ക്കൊള്ളുന്നത് നല്ലതാണ്. പ്രസവാനന്തരം മുലപ്പാല്‍ കുറവായ സ്ത്രീകള്‍ക്ക് ആട്ടിന്‍സൂപ്പില്‍ ചീരയില ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് കുടിക്കുന്നത് ഫലപ്രദമാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. മാത്രമല്ല, ഇത് പ്രസവാനന്തരമുള്ള വിളര്‍ച്ചയുമകറ്റാനും നല്ലതാണ്. കുട്ടികള്‍ക്ക് ചുവന്ന ചീരയില നീര് രണ്ട് സ്പൂണ്‍ സമം തേനും ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ നല്‍കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തും. അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളില്‍ ചീരയിലകള്‍ അവസാരം മാത്രം ചേര്‍ക്കുന്നതാണ് നല്ലത്. ചീര അടച്ചുവെച്ച് പാകം ചെയ്യുന്നത് പോഷകനഷ്ടം കുറയ്ക്കും. നെയ്യോ പരിപ്പോ ചേര്‍ത്ത് ചീരയെ കൂടുതല്‍ പോഷകപ്രദമാക്കാം. നാരുകള്‍ക്കു പുറമെ ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍ ബി, സി, എ, കെ, ഇ എന്നിവയും ഫോളിക് ആസിഡ്, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവയും ചുവന്ന ചീരയില്‍ സമ്പുഷ്ടമാണ്.