1961 ജനുവരി 22-ന് ആരംഭിച്ച, 13 വര്‍ഷം തുടര്‍ച്ചയായി ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ച ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ ഇപ്പോള്‍ പൂര്‍ണ്ണരൂപത്തില്‍ സമാഹരിക്കപ്പെടുന്നു. വളരുന്ന കാലവും അതിനനുസരിച്ച് വളരുന്ന കഥാപാത്രങ്ങളും കാര്‍ട്ടൂണുകളില്‍ ഉണ്ടായിരുന്നില്ല; മലയാളത്തിലെന്നല്ല, ലോകമെങ്ങും . അതിനാല്‍ത്തന്നെ 1964-ല്‍ കോമിക് കലാനിരൂപകനായ റിച്ചാര്‍ഡ് കൈല്‍ ഗ്രാഫിക് നോവല്‍ എന്ന് പേരിടുകയും 1978-ല്‍ ന്യൂയോര്‍ക്കില്‍ വില്‍ ഐസ്നര്‍ സാക്ഷാത്കരിക്കുകയും ചെയ്ത ഈ പുതുരൂപത്തിന് അന്നൊരു പേരില്ലായിരുന്നു. അതിനാല്‍ ഇന്ത്യയിലെതന്നെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവാണ് ചെറിയ മനുഷ്യരും വലിയ ലോകവും. 633 പുറങ്ങളിലായി വികസിക്കുന്ന രാമുവിന്റെ ജീവിതകഥ ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചതിനുശേഷം രണ്ടു തവണ പുസ്തകരൂപത്തിലായെങ്കിലും ആ രണ്ടു പുസ്തകങ്ങളിലും ഇതിലെ മൂന്നില്‍ രണ്ടു ഭാഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. അവ പുനര്‍നിര്‍മ്മിച്ചത് പ്രശസ്ത ഡിസൈനര്‍മാരായ ആര്‍ട്ടിസ്റ്റ് ഭട്ടതിരിയും രാമു അരവിന്ദനുമാണ്. ചെറിയ മനുഷ്യരും വലിയ ലോകവും പൂര്ണ്ണരൂപത്തിലുള്ളതിനു പുറമേ അരവിന്ദന് വരച്ച അമ്പതോളം മറ്റു കാര്‍ട്ടൂണുകളും ഇതില്‍ സമാഹരിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ഇ പി ഉണ്ണിയുടെയും ഗോകുലിന്റെയും പഠനങ്ങളും അരവിന്ദനുമായി ചന്ദ്രഹാസന്‍ നടത്തിയ ദീര്‍ഘമായ അഭിമുഖവും. ‘ചെറിയ മനുഷ്യരും വലിയ ലോകവും’. ഡിസി ബുക്സ്. പ്രീ പബ്ളിക്കേഷന്‍ വില 1599 രൂപ.
ചെറിയ മനുഷ്യരും വലിയ ലോകവും
