ലോകത്തിലെ ഏറ്റവും വിലയുള്ള ചായപ്പാത്രം. ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ ചായകെറ്റില്‍. വജ്രങ്ങള്‍ പതിച്ച സ്വര്‍ണക്കെറ്റിലാണിത്. ഇറ്റാലിയന്‍ ആഭരണ നിര്‍മ്മാതാവായ ഫുല്‍വിയോ സ്‌കാവിയ ആണ് പാത്രം രൂപകല്‍പന ചെയ്തത്. യുകെയിലുള്ള ‘സേതിയ ഫൗണ്ടേഷ’നാണ് അത്യപൂര്‍വമായ ചായക്കെറ്റിലിന്റെ ഉടമകള്‍. ഇവര്‍ ഓര്‍ഡര്‍ കൊടുത്തതിനനുസരിച്ചാണ് നിര്‍മിച്ചത്. പാത്രത്തില്‍ 1658 വജ്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. കെറ്റിലിനു ബേസായി 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിച്ചിരിക്കുന്നത്. ചില ഭാഗങ്ങളില്‍ വെള്ളിയും ഉപയോഗിച്ചിട്ടുണ്ട്. പാത്രത്തിനു നടുവില്‍ 6.67 കാരറ്റുള്ള വലിയൊരു മാണിക്യക്കല്ലും പതിപ്പിച്ചിട്ടുണ്ട്. തായ്ലാന്‍ഡില്‍നിന്നും മ്യാന്മറില്‍നിന്നും എത്തിച്ച 386 മാണിക്യക്കല്ലുകള്‍ പതിച്ചതാണ് പാത്രത്തിന്റെ മൂടി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇതിന്റെ മൂല്യം കണക്കാക്കി. 25 കോടി രൂപയാണു വില. വളഞ്ഞ പിടി ആനക്കൊമ്പുകൊണ്ടുള്ളതാണ്. ‘മാമ്മോത്ത്’ എന്നറിയപ്പെടുന്ന വംശനാശം സംഭവിച്ച ഇനം ആനയുടെ കൊമ്പാണിത്. അതോടെ പാത്രത്തിന് പുരാവസ്തു മൂല്യവുമായി.