പത്ത് കോടി (100 മില്യന്‍) കാഴ്ചക്കാരെ സ്വന്തമാക്കി ‘അജഗജാന്തരം’ ചിത്രത്തിലെ ‘ഓളുളേരു’ ഗാനം. ഇതോടെ യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ 100 മില്യന്‍ കടക്കുന്ന മലയാള ഗാനം എന്ന ഖ്യാതിയും ഈ പാട്ട് സ്വന്തമാക്കിയിരിക്കുകയാണ്. നാടന്‍പാട്ട് കലാകാരി പ്രസീദ ചാലക്കുടിയുടെ ആലാപനമികവും താളം പിടിപ്പിക്കുന്ന ഈണവും ചടുലമായ നൃത്തച്ചുവടുകളും കൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ കയറിക്കൂടിയതാണ് ‘ഓളുളേരു’ ഗാനം. പാട്ട് പുറത്തിറങ്ങി 2 വര്‍ഷത്തോടടുക്കുമ്പോഴും ‘ഓളുളേരു’വിന് ഇന്നും ആരാധകര്‍ ഏറെയുണ്ട്. മാവിലന്‍ ഗോത്രത്തിന്റെ പരമ്പരാഗത ഗാനമാണ് ‘ഓളുളേരു’. ഒറ്റ തവണ കേട്ടാല്‍ ഹൃദയങ്ങളില്‍ പതിയുന്ന നാടന്‍ പാട്ട്. ‘ഓളുളേരു’വിന്റെ ഉത്ഭവം വടക്കന്‍ ജില്ലകളില്‍, പ്രത്യേകിച്ച് കാസര്‍ഗോഡ് ഭാഗങ്ങളില്‍ നിന്നാണ്. ‘അജഗജാന്തര’ത്തിനു വേണ്ടി ജസ്റ്റിന്‍ വര്‍ഗീസ് ഈ ഗാനം പുതിയ രീതിയില്‍ ചിട്ടപ്പെടുത്തുകയായിരുന്നു. അങ്ങേയറ്റം താളത്മകമായ ആലാപനവും സംഗീതവുമാണ് പാട്ടിനെ പെട്ടെന്നു ജനകീയമാക്കിയത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അജഗജാന്തരം’. വിവാഹ വീട്ടിലെ ആഘോഷത്തിന്റെ ഭാഗമായാണ് ‘ഓളുളേരു’ സിനിമയില്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ നായകനായ പെപ്പെയും (ആന്റണി വര്‍ഗീസ്) കൂട്ടരും ആടിത്തിമിര്‍ക്കുന്നതാണ് ഗാനരംഗങ്ങളില്‍ കാണാനാകുക.