ബഫര്‍ സോണില്‍ ജനങ്ങളുടെ സ്വത്തിനും ജീവനോപാധികള്‍ക്കും ഭീഷണിയാകുന്ന യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപഗ്രഹ സര്‍വ്വേയിലെ പരാതികല്‍ പരിഹരിക്കും. തിരുത്തിയ റിപ്പോര്‍ട്ടാണു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കൂ. ഫില്‍ഡ് സര്‍വേ കൂടി നടത്തി കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകും. ബഫര്‍ സോണില്‍ താമസിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട. കെട്ടിടങ്ങളോ വീടുകളോ പൊളിക്കേണ്ടിവരില്ല. മുഖ്യമന്ത്രി പറഞ്ഞു. (ബഫര്‍സോണ്‍ കൊള്ള – https://youtu.be/Zy6GCiz2Osp )
രണ്ടാം യുപിഎ സര്‍ക്കാരാണ് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അന്നത്തെ വനംമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശിനു കടുംപിടുത്തമായിരുന്നു. അന്ന് യുഡിഎഫ് സര്‍ക്കാര്‍ പത്തു മുതല്‍ 12 വരെ കിലോമീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്നാണു തീരുമാനിച്ചത്. വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എന്‍ ഷംസൂദ്ദീന്‍ എന്നിവര്‍ ചെയര്‍ന്മാരായ മൂന്ന് ഉപസമിതികളാണു ശുപാര്‍ശ ചെയ്തത്. പ്രളയത്തിന്റെകൂടി പശ്ചാത്തലത്തിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ബഫര്‍സോണ്‍ ഒരു കിലോമീറ്ററാക്കി ചുരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പുന:സംഘടന ഉടനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടരുമോയെന്നു ഹൈക്കമാന്‍ഡ് തീരുമാനിക്കും. മാറ്റണമെന്ന ആലോചനയില്ല. ഭാരത്‌ജോഡോ യാത്രക്കു ശേഷം കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ക്കു രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബഫര്‍ സോണ്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ് എംഎല്‍എ. സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായി. ജനത്തിനൊപ്പം നില്‍ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശക്തമായ ന്യുനമര്‍ദ്ദമുണ്ട്. അടുത്ത 48 മണിക്കൂറില്‍ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യുന മര്‍ദ്ദമായി മാറിയേക്കും.
താമരശേരി ചുരത്തില്‍ നാളെ രാത്രി എട്ടു മുതല്‍ ഗതഗാത നിയന്ത്രണം. രാത്രി ഒമ്പതിനുശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ താമരശേരി ചുരത്തിലൂടെ കടത്തിവിടില്ല. അടിവാരത്തുനിന്ന് ഭീമന്‍ യന്ത്രങ്ങള്‍ വഹിച്ച രണ്ടു ട്രെയ്‌ലര്‍ ലോറികള്‍ ചുരം കയറുന്നതിനാലാണ് നിയന്ത്രണം. വാഹനങ്ങള്‍ ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അട്ടപ്പാടി ചുരത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ ഗതാഗത നിരോധനം. 26 ന് രാവിലെ ആറg മുതല്‍ 31 ന് വൈകിട്ട് ആറ് വരെയാണു നിരോധനം. മണ്ണാര്‍ക്കാട്- ചിന്നതടാകം റോഡില്‍ ഒമ്പതാം വളവിര്‍ ഇന്റര്‍ലോക്ക് റോഡു പണി നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്.
ഹൈക്കോടതിയിലെ രണ്ടു ജീവനക്കാര്‍ക്കു വിരമിക്കല്‍ പ്രായത്തിനു ശേഷവും സര്‍വീസില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തുറന്ന കോടതിയില്‍ പറഞ്ഞ ഉത്തരവാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തിരുത്തിയത്. ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാരിയമ്മ, ഡഫേദാര്‍ സജീവ് കുമാറിനും ഡിസംബര്‍ 31 നു വിരമിച്ചശേഷം സര്‍വീസില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണു റദ്ദാക്കിയത്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദേശം.
തിരുവനന്തപുരത്തു വീടിനു മുന്നില്‍ വഴി തടഞ്ഞു വാഹനം പാര്‍ക്കു ചെയ്തതു ചോദ്യംചെയ്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ മര്‍ദിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്‍ അടക്കമുള്ള അഞ്ചു പേരെ അറസ്റ്റു ചെയ്തു. വെമ്പായം തേക്കട സ്വദേശിയും ആലപ്പുഴ തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് എസ്എച്ച്ഒയുമായ യഹിയയെയാണു മര്‍ദ്ദിച്ചത്. ബംഗളുരുവില്‍ ജോലി ചെയ്യുന്ന വ്യോമസേനാ ഉദ്യോഗസ്ഥനും കുതിരകുളം സ്വദേശിയുമായ എ. ആനന്ദ് (26), സഹോദരന്‍ അരവിന്ദ് (23), വെമ്പായം സ്വദേശി എസ്. അനൂപ് (23), പി. അഖില്‍ ( 23 ), കഴക്കുട്ടം സ്വദേശി ജി. ഗോകുല്‍കൃഷ്ണന്‍ (23) എന്നിവരെ വട്ടപ്പാറ പൊലീസ് പിടികൂടി ജാമ്യത്തില്‍ വിട്ടു.
ബൂട്ടിട്ട കാലുകൊണ്ട് തൊടുപുഴ ഡിവൈഎസ്പി മര്‍ദ്ദിച്ചെന്ന് ഹൃദ്‌രോഗിയുടെ പരാതി. മലങ്കര സ്വദേശി മുരളീധരനാണ് പരാതിക്കാരന്‍. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിച്ചു പോസ്റ്റിട്ടെന്ന പരാതിയില്‍ ചോദ്യം ചെയ്യാനാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എസ്എന്‍ഡിപി തൊടുപുഴ യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്. മുരളീധരനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്പി പി മധു ബാബു പറഞ്ഞു.
കാസര്‍കോട് സ്വദേശികളായ ദമ്പതികളെ യെമനിലേക്കു കടന്ന് ഐഎസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ചന്തേര പോലീസ് കേസെടുത്തു. ഉദിനൂര്‍ സ്വദേശി മുഹമ്മദ് ഷബീര്‍, ഭാര്യ റിസ്വാന, ഇവരുടെ നാലു മക്കള്‍ എന്നിവരെ കാണാതായെന്നാണ് കേസ്. വര്‍ഷങ്ങളായി വിദേശത്തായിരുന്ന ഇവര്‍ നാലു മാസം മുന്‍പാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടത്. ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്.
പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര നേതാവാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ 2023 ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം ചര്‍ച്ച ചെയ്തു. കത്തോലിക്കാ സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. വിഷയാധിഷ്ഠിതമാണ് പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അദാനിയെ ക്ഷണിച്ച് കോര്‍പറേറ്റുവത്കരണം നടത്തിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യസഭയില്‍ സിപിഎം അംഗം ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനു മറുപടി നല്‍കവേയാണ് ഇരുവരും തമ്മില്‍ വാക്‌പോരായത്. യുഡിഎഫാണു ക്ഷണിച്ചതെന്ന് ബ്രിട്ടാസ് പ്രതികരിച്ചപ്പോള്‍ അദാനിയെ നിങ്ങളും അംഗീകരിച്ചല്ലോയെന്ന് മന്ത്രി തിരിച്ചടിച്ചു. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സൗഹൃദ മത്സരമാണെന്നും ധനമന്ത്രി പറഞ്ഞു
ഗവണ്‍മെന്റ് ആയുര്‍വേദ കോളജില്‍ രണ്ടാം വര്‍ഷ പരീക്ഷ ജയിക്കാത്തവര്‍ക്ക് ആയുര്‍വേദ ഡോക്ടര്‍ ബിരുദം നല്‍കിയത് അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എസ്എഫ്‌ഐ നല്‍കിയ പട്ടിക അനുസരിച്ചാണ് ബിരുദം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
അധ്യാപികയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വയനാട്ടിലെ ഗോത്ര വര്‍ഗ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറെ നീക്കി. ഡയറക്ടര്‍. ഡോ. ടി വസുമതിയെ നീക്കി അസിസ്റ്റന്റ് പ്രൊഫ. സി. ഹരികുമാറിനു ചുമതല നല്‍കി.
വയനാട് തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ 68 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ എക്‌സൈസ് പിടികൂടി. മലപ്പുറം സ്വദേശികളായ മുഹമ്മദ് റാഷിദ്, അബ്ദുല്‍ റൗഫ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയില്‍ സംസാരിച്ച എംപി പിവി അബ്ദുള്‍ വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. രാജ്യസഭയില്‍ വഹാബ് നടത്തിയ പരാമര്‍ശത്തോട് പാര്‍ട്ടിക്കു യോജിപ്പില്ലെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പൂന്തുറ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ വലമുറിച്ച് കടലിലേക്ക് തിരിച്ചു വിട്ടു. 28 അടിയോളം വലിപ്പം വരുന്ന തിമിംഗല സ്രാവാണു വലയില്‍ കുടുങ്ങിയത്.
എരുമയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ പതിനാറുകാരന്റെ ശരീരത്തില്‍ കമ്പി കുത്തിക്കയറി. കണ്ണൂരിലാണ് സംഭവം. മണ്ണാര്‍ക്കാട് സ്വദേശിയായ കെ ഷാമിലിനാണ് പരിക്കേറ്റത്. കേരളോത്സവത്തിന് എത്തിയ മത്സരാര്‍ത്ഥിയാണ് ഗുരുതര പരിക്കോടെ ആശുപത്രിയിലായത്.
പോക്‌സോ പീഡന കേസില്‍ മദ്രസ അധ്യാപകനെ 26 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കണ്ണൂര്‍ ജില്ലാ പോക്‌സോ കോടതി. ആലക്കോട് ഉദയഗിരി സ്വദേശിയായ മുഹമ്മദ് റാഫിയെയാണു ശിക്ഷിച്ചത്. പതിനൊന്നു വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്.
മയക്കുമരുന്ന് വില്‍പനയിലൂടെയുള്ള ലാഭം ഭീകരപ്രവര്‍ത്തനത്തിന് വളമാകുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മയക്കുമരുന്ന് മുക്ത ഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും അമിത് ഷാ അറിയിച്ചു.
ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി 2024 ല്‍ അമേത്തിയില്‍ തനിക്കെതിരെ മത്സരിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വെല്ലുവിളിച്ചു. അമേഠിയില്‍ ലഡ്ക-ഝഡ്ക നൃത്തമാടാനാണ് സ്മൃതി ഇറാനി മണ്ഡലം സന്ദര്‍ശിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെ പരിഹാസത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപിതാവാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. നാഗ്പൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അമൃതയുടെ പരാമര്‍ശം. മഹാത്മാഗാന്ധി ആരാണെന്ന് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ ‘മോദിജി പുതിയ ഇന്ത്യയുടെ പിതാവാണെ’ന്നായി വിശദീകരണം.
തമിഴ്‌നാട് തൂത്തുക്കുടിയില്‍ പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മ ഉള്‍പ്പെടെ നാലു പേരെ പൊലീസ് പിടികൂടി. അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മ കോവില്‍പ്പട്ടി സുബ്രഹ്‌മണ്യപുരം സ്വദേശി മാരീശ്വരി, മാരീശ്വരിയുടെ അമ്മ അയ്യമ്മാള്‍, ഇടനിലക്കാരനാ മാരിയപ്പന്‍, സൂരിയമ്മ എന്നിവരാണ് പിടിയിലായത്.
Sharing is caring!