രാമായണത്തെ കുറിച്ച് കുറെയൊക്കെ അറിയാക്കഥകളുടെ കഴിഞ്ഞ ഭാഗങ്ങളിലൂടെ മനസ്സിലായി കാണുമല്ലോ. രാമായണം ഭാരതീയ ഭാഷകളിൽ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം….!!!
ആദ്യം തന്നെ നമുക്ക് തമിഴ് രാമായണം എന്താണെന്ന് നോക്കാം. ദ്രാവിഡ ഭാഷകളിലെ രാമകഥ സംബന്ധിച്ച എറ്റവും പ്രാചീനമായ കൃതി, ക്രി.വ. 12-ാം ശതകത്തിൽ കമ്പർ രചിച്ച രാമായണമാണ്. ഇതിൽ വാല്മീകിയുടെ രാമായണത്തിന്റെ ആദ്യത്തെ ആറു കാണ്ഡങ്ങളിലെ മുഴുവൻ കഥയും സ്വതന്ത്രരൂപത്തിൽ വർണ്ണിക്കുകയും അനേകം പുതിയ കഥകൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.
കമ്പർക്കു മുൻപ് ഓട്ടക്കൂതൻ തമിഴിൽ രാമായണം എഴുതിത്തുടങ്ങിയെന്നും കമ്പരുടെ കാവ്യം വായിച്ചശേഷം അദ്ദേഹം തന്റെ സൃഷ്ടി നശിപ്പിച്ചു കളയാൻ തുടങ്ങിയെന്നും എന്നാൽ ഇതറിഞ്ഞ കമ്പർ അദ്ദേഹത്തിനടുക്കലെത്തിയെന്നും ഉത്തരകാണ്ഡത്തെ രക്ഷിച്ചെടുക്കാൻ സാധിച്ചുവെന്നും ഐതിഹ്യമുണ്ട്. ഇക്കാരണത്താൽ തമിഴ് രാമായണത്തിലെ ഉത്തരകാണ്ഡം രചിച്ചത് കമ്പരല്ല എന്ന് ബി.എം. ഗോപാലകൃഷ്ണാചാര്യർ അവകാശപ്പെടുന്നുണ്ട്. തമിഴ് രാമായണത്തെക്കുറിച്ച് ഇത്രയും ഒക്കെയാണ് കൂടുതലായി പറയുവാനുള്ളത്.
ഇനി നമുക്ക് തെലുങ്ക് രാമായണത്തെക്കുറിച്ച് നോക്കാം.തെലുങ്കു സാഹിത്യത്തിൽ രാമകഥയെ സംബന്ധിച്ച ഏറ്റവും മഹത്തരമായ ഗ്രന്ഥം രംഗനാഥന്റെ ദ്വിപദരാമായണമാണ് 14-ാം ശതകത്തിലാണ് ഇത് രചിച്ചത്. കവിയായ ഗോനബുദ്ധറെഡ്ഡിയുടെ ആശ്രിതനായ അദ്ദേഹം കഥ കീർത്തി റെഡ്ഡിക്ക് നൽകിയിരുന്നു എങ്കിലും പിൽക്കാലത്ത് രംഗനാഥരാമായണം എന്ന പേരിൽ തന്നെ ഇത് പ്രശസ്തി നേടി.
ജനപ്രീതി നേടിയ ദ്വിപദം എന്ന പേരിലുള്ള ഛന്ദസ്സും ലളിതഭാഷയും മൂലം ഈ രാമായണം തെലുങ്ക് ജനതക്കിടയിൽ വളരെയധികം പ്രചാരം നേടി. തെലുങ്കുസാഹിത്യത്തിലെ ആദ്യത്തെ രാമായണാഖ്യാനം തിക്കണ്ണ രചിച്ച നിർവചനോത്തരരാമായണമാണ്. ഇത് ക്രി.വ. 13-ാം ശതകത്തിലാണ് ഇത് രചിച്ചത്. 14-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഭാസ്കരരാമായണമാണ് ഏറ്റവും കലാത്മകവും സാഹിത്യപരവുമായി കരുതപ്പെടുന്നത്. ഇത് വാല്മീകി രാമായണത്തിന്റെ തെലുങ്കു പരിഭാഷയാണ് എന്ന് പറയപ്പെടുന്നു.
16-ാം നൂറ്റാണ്ടിൽ രാമഭദ്രൻ രചിച്ച രാമാഭ്യുദയം, പിംഗലിസുരനാര്യ രചിച്ച രാഘവപാൺദവീയം, കദു കൂരിരുദ്രൻ രചിച്ച സുഗ്രീവവിജയ്‌മു എന്നിവയും പ്രശസ്തി നേടിയ രാമായണ കഥകളാണ്. തെലുങ്കിലെ സാധാരണജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരമായ രാമായണം മൊല്ലരാമായണമാണ്. കട്ടവരദരാജു ക്രി.വ. 17-ാം ശതകത്തിൽ വിസ്തൃതമായ ദ്വിപദരാമായണം രചിച്ചു. അതിൽ വാല്മീകി രാമായണകഥ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
തമിഴ് രാമായണത്തെക്കുറിച്ചും തെലുങ്കു രാമായണത്തെ കുറിച്ചും ഏകദേശം ധാരണയായി കാണുമല്ലോ. മലയാള രാമായണത്തെക്കുറിച്ച് അറിയാ കഥകളുടെ അടുത്ത ഭാഗത്തിലൂടെ മനസ്സിലാക്കാം.