രാജ്യത്തെ യുവാക്കള്‍ വിദേശ രാജ്യങ്ങളിലേക്കു കുടിയേറ്റക്കാരായി പോകുന്നത് തൊഴിലവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടും ബിജെപി സര്‍ക്കാരിന്റെ വിദ്വേഷ സംസ്‌കാരംകൊണ്ടുമാണെന്ന് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ തൃശൂരിലെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് 75 വര്‍ഷം കൊണ്ട് എന്തു ചെയ്തെന്നാണ് മോദി ചോദിക്കുന്നത്. എട്ടു വര്‍ഷം കൊണ്ട് മോദി ഉണ്ടാക്കിയ തൊഴിലില്ലായ്മയും വിലക്കയറ്റവും കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടില്ലെന്നാണു മറുപടി. കേരളത്തിലെ ജനങ്ങള്‍ സ്നേഹത്തിന്റെ സന്ദേശം മുന്നോട്ടുവയ്ക്കുന്നവരാണെന്നും രാഹുല്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ആക്രമണങ്ങള്‍ നടത്തിയതിന് സംസ്ഥാനത്ത് 1,013 പേര്‍ അറസ്റ്റിലായി. 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 819 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും സര്‍ക്കാര്‍. ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ട കെഎസ്ആര്‍ടിസി ബസുകള്‍ക്കുണ്ടായ നഷ്ടം ഈടാക്കണമെന്നു ഹൈക്കോടതി. എങ്ങനെ ഈടാക്കുമെന്ന് അടുത്ത 17 നു മുമ്പ് റിപ്പോര്‍ട്ടു വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നടപടികള്‍ കര്‍ശനമായും വേഗത്തിലും നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയത് ആസൂത്രിത മുഖംമൂടി ആക്രമണങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമികളില്‍ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ ഉടനേ പിടിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
മുപ്പതു മലയാളികള്‍ അടക്കം മൂന്നൂറോളം ഇന്ത്യക്കാരടക്കമുള്ളവര്‍ മ്യാന്‍മറില്‍ മാഫിയാ സംഘത്തിന്റെ പിടിയില്‍. തൊഴില്‍ തട്ടിപ്പിനിരയായി തടവിലാക്കപ്പെട്ടവരെ മാഫിയാ സംഘം മറ്റൊരു രാജ്യത്തേക്കു മാറ്റുന്നു. ട്രക്കുകളില്‍ കയറ്റി ലാവോസിലേക്കു കൊണ്ടുപോകുകയാണെന്നാണ് വിവരം. കുടുങ്ങിയ ഇന്ത്യക്കാരുമായി ഇന്ത്യന്‍ എബസി ഇന്നലെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
റോഡു നിറഞ്ഞൊഴുകിയ ജനസാഗരത്തിന്റെ ആവേശാരവങ്ങളോടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശൂരില്‍. റോഡിനിരുവശവും തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്ക് രാഹുല്‍ഗാന്ധി അഭിവാദ്യങ്ങളേകി. സുരക്ഷാക്രമീകരണങ്ങളെപോലും അവതാളത്തിലാക്കുന്നത്രയും ജനത്തിരക്കിനിടയില്‍ ത്രിവര്‍ണ പതാകകളുമേന്തി പതിനായിരക്കണക്കിനു പ്രവര്‍ത്തകരാണ് നിരന്നത്. പൂരക്കുടകളും വാദ്യമേളവുമെല്ലാമായാണ് തേക്കിന്‍കാട് മൈതാനിയിലെ വരവേല്‍പ്.
പൊലീസിന്റെ നിയമവിരുദ്ധ നടപടികള്‍ ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാതിരുന്നത് പൊലീസിന്റെ സമയോചിതമായ ഇടപെടല്‍കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങള്‍ അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അക്രമങ്ങളെ നേരിടാന്‍ പോലീസിനു കഴിയാത്തത് ദൗഭാഗ്യകരമാണ്. അക്രമത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ നാല് ആര്‍എസ്എസ് ആചാര്യന്‍മാരുടെ അഞ്ചു പുസ്തകങ്ങള്‍ പഠിപ്പിക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകയില്‍ പോയി സിലബസ് സംഘിവത്കരിച്ചെന്നു പ്രസംഗിച്ചതെന്ന് സതീശന്‍.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടത്തിയത് ഒളിപ്പോരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹെല്‍മെറ്റ് വച്ച് ബൈക്കില്‍ വന്നു കല്ലെറിഞ്ഞു പോയാല്‍ എങ്ങനെ പിടിക്കാനാകും? ഹര്‍ത്താലിനെതിരെ പൊലീസ് ഇന്നലെ നല്ല ഇടപെടലാണ് നടത്തിയതെന്നും കാനം പറഞ്ഞു.
മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിനെതിരേ മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജി അപക്വമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണത്തില്‍നിന്ന് ഒളിച്ചോടാന്‍ ഐസക് ശ്രമിക്കുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.