ചിരിപടങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ സമ്മാനിച്ച റാഫിയുടെ പുതിയ ചിത്രം ‘താനാരാ’യുടെ ട്രെയിലര്‍ എത്തി. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമഒരു മുഴുനീള കോമഡി എന്റര്‍ടൈനര്‍ ആണ്. ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ആണ് ‘താനാരാ’ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ്. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്‌നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. കെ.ആര്‍. ജയകുമാര്‍, ബിജു എം.പി എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.