15 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിന്‍-നരേന്‍ കോംബോ ഒന്നിക്കുന്ന എം.പത്മകുമാര്‍ ചിത്രം ‘ക്വീന്‍ എലിസബത്ത്’ ഡിസംബര്‍ 29ന് തിയറ്ററുകളിലെത്തും. റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തന്റെ കരിയറില്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ജോണറില്‍ എം. പത്മകുമാര്‍ ഒരുക്കുന്ന ‘ക്വീന്‍ എലിസബത്തി’ലൂടെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഉജ്ജ്വലമായ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മീരാ ജാസ്മിന്‍. ഒപ്പം നരേന്‍,താന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന സൗമ്യനും നിഷ്‌കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്‌സ് എന്ന കഥാപാത്രമായി മീരാ ജാസ്മിനോടൊപ്പം സ്‌ക്രീനിലെത്തുമ്പോള്‍ കയ്യടി നേടുമെന്നുറപ്പാണ്. നരേന്‍ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമാണ് ‘ക്വീന്‍ എലിസബത്തി’ലെ അലക്‌സ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ക്വീന്‍ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പന്‍, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിര്‍മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അര്‍ജുന്‍ ടി. സത്യന്‍ ആണ് ചിത്രത്തിന്റെ രചന.