വിഴിഞ്ഞത്തു തെരുവുയുദ്ധം. സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. എസ്ഐ അടക്കം 36 പോലീസുകാര്‍ക്കു പരിക്ക്. പോലീസ് പലതവണ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സ്റ്റേഷന്‍ പരിസരത്തെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. സര്‍ക്കാര്‍ വിഴിഞ്ഞം പോലീസിനെക്കൊണ്ടു കള്ളക്കേസുകളെടുപ്പിച്ചെന്ന് ആരോപിച്ചും അറസ്റ്റു ചെയ്ത അഞ്ചു പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തീരവാസികള്‍ സ്റ്റേഷന്‍ വളഞ്ഞത്. അടിച്ചു കാലൊടിച്ച എസ്ഐ ലിജോ പി മണിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. കസ്റ്റഡിയിലെടുത്ത അഞ്ചു പേരുടെ അറസ്റ്റു രേഖപ്പെടുത്തിയെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു.
വിഴിഞ്ഞത്തു കനത്ത പൊലീസ് സന്നാഹം. സമീപ ജില്ലകളില്‍നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്. എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കുമാണു ക്രമസമാധാന ചുമതല. സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ സമരസമിതി നേതാക്കളുമായി അനുരഞ്ജന ചര്‍ച്ച നടത്തി. സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. സമരക്കാരുമായി കൂടിയാലോചന നടത്തിയശേഷം ഇന്നു രാവിലെ വീണ്ടും കളക്ടറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.