പ്രിയങ്കാ ഗാന്ധി 2008 ല്‍ തന്നെ കാണാന്‍ ജയിലില്‍ വന്നിരുന്നെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ മോചിതയായ നളിനി. തന്നെ അടുത്തിരുത്തിയ പ്രിയങ്ക കൊലപാതകത്തെ കുറിച്ച് ചോദിച്ചു. അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. കൊലപാതകത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പ്രിയങ്ക വികാരധീനയായി കരഞ്ഞിരുന്നു. വധഗൂഡാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. കൂടിക്കാഴ്ചയിലെ മറ്റു വിവരങ്ങള്‍ പുറത്തു പറയില്ലെന്നും നളിനി.
‘തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കാണാൻ ആഗ്രഹമുണ്ട്. സ്റ്റാലിനെ കണ്ട് നന്ദി പറയണം. ഗാന്ധി കുടുംബത്തോടും ഏറെ നന്ദിയുണ്ട്. അവസരം കിട്ടിയാൽ അവരെയും കാണണം.”-നളിനി ആഗ്രഹം പങ്കുവച്ചു.
ഇതേകേസിൽ ജയിൽമോചിതനായ ശേഷം ട്രിച്ചിയിലെ സ്‌പെഷൽ ക്യാംപിൽ കഴിയുന്ന ഭർത്താവ് ശ്രീഹരൻ എന്ന മുരുകനെ തിങ്കളാഴ്ച കാണാൻ പോകുകയാണെന്നും അവർ പറഞ്ഞു. വിദേശത്തുള്ള മകൾ അച്ഛനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തമിഴ്‌നാട്ടിൽ ഒരുപാട് സ്ഥലങ്ങൾ പോയിക്കാണണമെന്ന് ആഗ്രഹമുണ്ട്. ഇനി ജോലിക്കൊന്നും പോകുന്നില്ല. ജീവിതം മൊത്തം തകർന്നുപോയിട്ടുണ്ട്. അതുകൊണ്ട് ഇനി കുടുംബത്തിനാണ് മുൻഗണന. കുടുംബത്തെ നോക്കി ജീവിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.ചെന്നൈയിൽ വാർത്താസമ്മേളനത്തിലാണ് നളിനിയുടെ വെളിപ്പെടുത്തൽ.