പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയില്‍’ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്തു എന്നതാണ് പുതിയ വാര്‍ത്ത. സിനിമയില്‍ പൃഥ്വിയുടേത് നെഗറ്റിവ് റോളാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. തമിഴ് നടന്‍ യോഗി ബാബു ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായാണ് സിനിമ ഒരുങ്ങുന്നത്.