‘ആര്‍ആര്‍ആര്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുകയാണ് എസ്എസ് രാജമൗലി. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വലിയൊരു അപ്ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ ആയി എത്തുന്നത് ഒരു മലയാളി താരമാണ്. ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായി എത്തുന്ന സിനിമയില്‍ മഹേഷ് ബാബുവിന് വില്ലനായി നടന്‍ പൃഥ്വിരാജ് എത്തുമെന്ന വാര്‍ത്തകളാണ് പുറത്തെത്തിയിരിക്കുന്നത്. തെലുങ്ക് സിനിമകളില്‍ സ്ഥിരം കാണുന്ന വില്ലന്‍ കഥാപാത്രമായിരിക്കില്ല പൃഥ്വിരാജിന്റെത്. ചെയ്യുന്ന ഓരോ കാര്യത്തെയും നീതീകരിക്കുന്ന വ്യക്തമായ ഒരു കഥയുണ്ടാകും ഈ കഥാപാത്രത്തിന്. സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിയും പൃഥ്വിരാജും ധാരണയിലെത്തിയിട്ടുണ്ടെന്നും പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തു. ഹനുമാനുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ മഹേഷ് ബാബുവിന്റെ കഥാപാത്രത്തില്‍ രാജമൗലിയും വിജയേന്ദ്രപ്രസാദും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് ഹനുമാന്റെ സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കും. ഹോളിവുഡില്‍ നിന്നുള്ള വലിയൊരു സ്റ്റുഡിയോ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.