കുവൈത്തിൽ ഉണ്ടായ നടുക്കുന്ന ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും നൽകുന്നുണ്ടെന്നും മോദി എക്സില്‍ കുറിച്ചു.ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്കുവൈത്തിലേക്ക് തിരിച്ചു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെത്തി കേന്ദ്ര സഹമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. ഇന്ത്യൻ അംബാസിഡർ ക്യാമ്പിലേക്ക് പോയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. തീപിടിത്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. എംബസി എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.