പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതിനെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. കഫീന്‍ കൂടിയ അളവില്‍ ശരീരത്തിലെത്തിയാല്‍ അത് രാത്രിയിലെ ഉറക്കത്തെ ബാധിക്കും. അതുകൊണ്ടു തന്നെ വൈകുന്നേരത്തെ കാപ്പികുടി ഒഴിവാക്കാം. മധുരമുള്ള ലഘുഭക്ഷണങ്ങള്‍ പെട്ടെന്ന് ഊര്‍ജമേകാന്‍ സഹായിക്കും. എന്നാല്‍ അല്പസമയം കഴിഞ്ഞാല്‍ ഇത് ക്ഷീണമുണ്ടാക്കും. പകല്‍ സമയത്ത് പത്തോ ഇരുപതോ മിനിറ്റ് ചെറുതായി മയങ്ങുന്നത് ഊര്‍ജം നല്‍കും. ഊര്‍ജനില മെച്ചപ്പെടുത്താന്‍ മാത്രമല്ല നല്ല ഉറക്കം ലഭിക്കാനും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക വഴി സാധിക്കും. രാവിലെ കുറഞ്ഞത് അരമണിക്കൂറെങ്കിലും വെയില് കൊള്ളുന്നത് ഉറക്കം മെച്ചപ്പെടുത്തും. പകല്‍ മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താനും ഇതുവഴി സാധിക്കും. സമ്മര്‍ദം ഉണ്ടെങ്കില്‍ കടുത്ത ക്ഷീണവും ഉറക്കവും വരാം. സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കാം. നിര്‍ജലീകരണം ക്ഷീണമുണ്ടാക്കും. പകല്‍ മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. പ്രത്യേകിച്ച് ശാരീരികപ്രവര്ത്തനങ്ങളിലേര്പ്പെട്ടശേഷവും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ടിവി, ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങി സ്ക്രീനുകള്‍ക്കു മുന്പില് മണിക്കൂറുകളോളം ചെലവഴിക്കുന്നത് കണ്ണിന് ആയാസം ഉണ്ടാക്കുകയും ഉറക്കം തൂങ്ങുന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. കണ്ണുകള്‍ക്ക് വിശ്രമം കൊടുക്കാന്‍ സ്ക്രീനിനു മുന്നില്‍ നിന്ന് കൃത്യമായ ഇടവേളകള്‍ എടുക്കുക. ദിവസവും കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കുകയും ഉണരുകയും ചെയ്യുക. ദീര്‍ഘമായി ശ്വസിക്കുന്നത് ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കും. യോഗിക് ബ്രീത്തിങ്ങ് പോലുള്ള ശ്വസനവ്യായാമങ്ങള്‍ പരിശീലിക്കുന്നത് ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ സഹായിക്കും.
പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതിനെ പ്രതിരോധിക്കാം
