മഴക്കാലം എത്തുന്നതോടെ നിരവധി പകര്‍ച്ചാവ്യാധികളും വ്യാപകമാകാറുണ്ട്. പനി മാത്രമല്ല ചുമ, കഫക്കെട്ട്, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ മഴക്കാലത്ത് പിടിപെടാം. ശുചിത്വം പാലിക്കുന്നതിലൂടെയും കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെയും മാത്രമേ രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കുകയുള്ളൂ. മഴക്കാലമായാല്‍ വെള്ളക്കെട്ടുകള്‍ സാധാരണയാണ്. ഇത്തരം വെള്ളക്കെട്ടുകളില്‍ നിന്നാണ് എലിപ്പനി പടരുന്നത്. എലിമൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. വെള്ളത്തിലൂടെ പകരുന്ന ഒരു അസുഖമാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങള്‍ ശരീരത്തിലെത്തുന്നത്. വെള്ളത്തിലൂടെ പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധത്തിലൂടെയും മഞ്ഞപ്പിത്തം പകരും. പനി, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തില്‍ മഞ്ഞപ്പ് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രമിക്കുക. വെള്ളക്കെട്ടിലൂടെ നടക്കുന്നത് ഒഴിവാക്കുക. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക. വീടിന് ചുറ്റും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. ഭക്ഷണം ചൂടോടെ തന്നെ കഴിക്കുക. ഭക്ഷണങ്ങള്‍ തുറന്ന് വയ്ക്കരുത്.