കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങൾ നയപ്രഖ്യാപനത്തിൽ എടുത്തുപറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യം വികസനത്തിന്റെ പാതയിലാണ്, ഐതിഹാസിക നേട്ടങ്ങൾ കൈവരിക്കാൻ നരേന്ദ്രമോദി സർക്കാരിന് കഴിഞ്ഞെന്നും രാഷ്ട്രപതി വ്യക്തമാക്കി. അയോധ്യ രാമക്ഷേത്രം, വനിത സംവരണ ബിൽ, എന്നിവ സർക്കാരിന്റെ നേട്ടമാണെന്നും മുത്തലാഖ് ബില്ല് സുപ്രധാനനിയമ നിർമാണമാണെന്നും രാഷ്ട്രപതി പറഞ്ഞു.
വനിത സംവരണ ബിൽ അവതരിപ്പിച്ച പ്രധാനമന്ത്രിയെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ത്യ സാമ്പത്തിക ശക്തിയായി വളർന്നുകൊണ്ടിരിക്കുകയാണ്. 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. പുതിയ ഭാരതത്തിന്റെ തുടക്കമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ആദിവാസി മേഖലയിൽ ജലവൈദ്യുത പദ്ധതിയും ഇന്റർനെറ്റ് സേവനവും ലഭ്യമാക്കി, അഞ്ചു വർഷത്തേക്ക് സൗജന്യ റേഷൻ വിതരണവും നടത്തുന്നുണ്ട്. ചന്ദ്രയാൻ വിജയം അഭിമാനകരമാണ്. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണർവ് നൽകി. ദേശീയപാതകളുടെ വികസനം റെക്കോർഡ് വേഗത്തിലാണ്.ഡിഫൻസ് കോറിഡോർ, സ്റ്റാർട്ടപ്പുകൾ ഇതെല്ലാം നേട്ടങ്ങളാണ്. ജമ്മുകശ്മീർ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണ്.
പത്ത് കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ടു എന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധനയാണിത്.