പാരിസ് ഒളിമ്പിക്‌സില്‍ മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായ പി ആര്‍ ശ്രീജേഷിന് എം ജി വിന്‍ഡ്‌സര്‍ സമ്മാനിച്ചു. കഴിഞ്ഞ ദിവസം മലയാളി താരം കുടുംബവുമൊന്നിച്ചെത്തിയാണ് കൊച്ചിയിലെ എംജി കോസ്റ്റ്‌ലൈന്‍ ഗാരിജില്‍ നിന്നും വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. ചണ്ഡീഗഡില്‍ വെച്ച് 2024 നവംബറില്‍ നടന്ന ചടങ്ങില്‍ ഒളിമ്പിക് താരങ്ങള്‍ക്കെല്ലാം എം ജി വാഹനത്തിന്റെ താക്കോല്‍ കൈമാറിയിരുന്നു. ശ്രീജേഷിന്റെ സൗകര്യാര്‍ത്ഥം വാഹനം കൊച്ചിയില്‍ വെച്ച് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള ടോപ് വേരിയന്റാണ് കേരളത്തിന്റെ ഒളിമ്പ്യനു എം ജി മോട്ടോര്‍സ് സമ്മാനിച്ചത്. 2024 സെപ്റ്റംബറിലാണ് എംജി തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് കാറായ വിന്‍ഡ്‌സര്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചത്. 13.50 ലക്ഷം രൂപ മുതലാണ് ഇ വി യുടെ വില. ഒറ്റ ചാര്‍ജിങ്ങില്‍ 332 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന 38 കെ ഡബ്‌ള്യു എച്ച്, ലിഥിയം-അയണ്‍ ബാറ്ററിയാണ് വിന്‍ഡ്‌സറില്‍. 134 ബി എച്ച് പി പവറും 200 എന്‍ എം ടോര്‍ക്കും നല്‍കും ഈ വാഹനം. ഇക്കോ പ്ലസ്, ഇക്കോ, സ്പോര്‍ട്, നോര്‍മല്‍ എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളുമുണ്ട്.