പൂച്ചയ്ക്ക് ആരു മണികെട്ടും?
മിത്തുകള്‍, മുത്തുകള്‍ – 32
ഈസോപ്പുകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
മാളിക വീട്. പത്തായപ്പുരയില്‍ നെല്ലും മറ്റു വിഭവങ്ങളും നിറഞ്ഞു കിടപ്പാണ്. വീട്ടില്‍ ഒട്ടേറെ പേരുണ്ടെങ്കിലും പത്താ യപ്പുരയിലേക്കു വല്ലപ്പോഴും ഒരു പരിചാരകന്‍ എത്തിനോക്കിയാലായി.
നിറഞ്ഞുകിടക്കുന്ന ആളനക്കമില്ലാത്ത പത്തായപ്പുര കണ്ടാല്‍ എലികള്‍ വിടുമോ? രണ്ട് ഇണയെലികള്‍ പത്തായപ്പുരയില്‍ ചേക്കേറി. സുഭിക്ഷമായ ഭക്ഷണം. നാളുകള്‍ക്കകം എലികള്‍ പെറ്റുപെരുകി. പത്തായത്തിലെ നിറസമൃദ്ധിയില്‍ തിന്നുമദിച്ച് അവ കൂത്താടി.
എലിശല്യം മൂത്തപ്പോള്‍ മാളികവീട്ടിലെ പരിചാരകരില്‍ ഒരാള്‍ നല്ലൊരു പൂച്ചയെ ആ വീട്ടില്‍ കൊണ്ടുവന്നു. പൂച്ച വന്ന വിവരമറിഞ്ഞപ്പോഴേ മൂഷികന്മാരുടെ പുളപ്പു കുറഞ്ഞു. എല്ലാവര്‍ക്കും പ്രാണഭയമായി.
പൂച്ചയെത്തിയ ആദ്യരാത്രിയില്‍ ഒരു എലിയെ കാണാതായി. തുടര്‍ന്നുള്ള എല്ലാ ദിവസവും ഒന്നോ രണ്ടോ എലികളുടെ ദീനരോധനം കേള്‍ക്കും. പത്തായപ്പുരയിലെ എലികളുടെ എണ്ണം അനുദിനം കുറഞ്ഞു. നിനച്ചിരിക്കാത്ത നേരത്താകും കാലന്‍പൂച്ച പാത്തും പതുങ്ങിയും ചാടിവീഴുക.
സഹികെട്ട എലികള്‍ ഒത്തുകൂടി ആലോചനയായി. ഈ പൂച്ചശല്യം ഒഴിവാക്കാന്‍ ഉടനെ എന്തെങ്കിലും ചെയ്യണം. ഇല്ലെങ്കില്‍ എലികള്‍ക്കു വംശനാശമുണ്ടാകും. എല്ലാവരും ആലോചിച്ചു. പൂച്ചയെ കൊന്നാലോ? പക്ഷേ, തങ്ങളെ കൊന്നൊടുക്കുന്ന പൂച്ചയെ എങ്ങനെ കൊല്ലും? അവര്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. പലരും പല അഭി പ്രായങ്ങളും തട്ടിവിട്ടെങ്കിലും ഒന്നും ഫലവത്താവുന്നതായിരുന്നില്ല.
ഒടുവില്‍ ഒരു ബുദ്ധിജീവി എലി ഉപായം കണ്ടെത്തി: ‘പൂച്ചയുടെ കഴുത്തില്‍ മണി കെട്ടിയാല്‍ പ്രശ്നം തീരും’: ‘മണി കെട്ടിയാല്‍ എങ്ങനെ പ്രശ്നം തീരാനാണ്?’ ഗഹനമായി ആലോചിക്കുന്ന ചില എലികള്‍ക്കു സംശയം.
‘നിങ്ങളൊക്കെ വെറും മണ്ടന്മാര്‍തന്നെ. കാലൊച്ചപോലും കേള്‍പ്പിക്കാതെ പാത്തും പതുങ്ങിയും വരുന്നതുമൂലമാണ് കാലന്‍ പൂച്ചയ്ക്കു നമ്മെയൊക്കെ പിടിക്കാനാവുന്നത്. അവന്‍ വരുന്നതിന്റെ അനക്കം നമുക്കു മനസിലാക്കാനായെങ്കില്‍ നമുക്ക് ഓടി രക്ഷപ്പെടാമായിരുന്നു. പൂച്ചയുടെ കഴുത്തില്‍ മണി കെട്ടിയാല്‍ പൂച്ച നടന്നടുക്കുമ്പോള്‍ ‘ണീം’ ‘ണീം’ എന്ന മണിനാദമുയരും. അവന്‍ വരുന്നതു മനസിലാക്കി നമുക്കൊക്കെ ഓടി മാളങ്ങളില്‍ ഒളിക്കാനാകും’.
‘സഭാഷ്! ഉഗ്രന്‍ ഐഡിയ’- എലികളെല്ലാം കൈയടിച്ച് ആ നിര്‍ദേശത്തെ സ്വാഗതം ചെയ്തു.
അപ്പോഴാണ് ഒരു മുത്തച്ഛന്‍ എലി ഗൗരവത്തോടെ ചോദിക്കുന്നത്.
‘പൂച്ചയ്ക്കാരു മണികെട്ടും?’ അവര്‍ പരസ്പരം മുഖത്തോടുമുഖം നോക്കി. മണികെട്ടല്‍ പദ്ധതി കണ്ടത്തിയ എലി ഇളിഭ്യനായി അപ്പോഴേ ഓടി മാളത്തില്‍ ഒളിച്ചു.