പുലി മുരുകനും ഒടിയനും അടക്കം വമ്പന്‍ ചിത്രങ്ങള്‍ സ്റ്റണ്ട് ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാളത്തിലേക്ക് വരുന്നു. കുട്ടനാടന്‍ മാര്‍പ്പാപ്പ, മാര്‍ഗം കളി, ഷീറോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ശ്രീജിത്ത് വിജയന്‍ എഴുതി സംവിധാനം ചെയുന്ന ചിത്രമായ ‘ഇടിയന്‍ ചന്തു’വിലാണ് പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ലാല്‍ മീഡിയയില്‍ വെച്ചു നടന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ ആണ് ഇടിയന്‍ ചന്തുവായി എത്തുന്നത്. സലിം കുമാര്‍ മകനോടൊപ്പം അഭിനയിക്കുന്നു എന്ന മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷഫീക്, സുബൈര്‍, റയീസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീജിത് വിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഇടിയന്‍ ചന്തു നര്‍മവും വൈകാരികതയും നിറഞ്ഞ ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും എന്നാണ് സൂചന. വിഷ്ണു ഉണ്ണികൃഷ്ണനും സലിം കുമാറിനും പുറമെ ചന്തു സലീം കുമാര്‍, രമേശ് പിഷാരടി, ലാലു അലക്‌സ്, ജോണി ആന്റനി, ലെന, ജയശ്രീ, ബിനു സോപാനം, സ്മിനു സിജു, വിദ്യ വിജയകുമാര്‍, സൂരജ് തലക്കാട് (ബിഗ്ബോസ് ഫെയിം), സലീം (മറിമായം) തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്.