cover 14

പെരുംനുണയില്‍ സ്ഫുടംചെയ്ത ചാരിത്ര്യം

മിത്തുകള്‍, മുത്തുകള്‍- 8
വടക്കന്‍പാട്ടുകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്

കതിരൂരിലെ പ്രമാണിമാരില്‍നിന്നു പിരിവു വാങ്ങാനിറങ്ങിയതായിരുന്നു തച്ചോളി ഒതേനന്‍. കൂടെ സഹായിയായ ചാപ്പനുമുണ്ട്. പരിവാരങ്ങളും പടനായകരുമായി എഴുന്നള്ളുകയായിരുന്ന കതിരൂര്‍ തമ്പുരാന്‍ ഒതേനന്റെ വരവു കണ്ടു.

കൊട്ടാരത്തില്‍ മടങ്ങിയെത്തിയ തമ്പുരാന് തന്റെ രാജ്യത്ത് ഉറുമിയും വാളും പരിചയുമായി ഒരാള്‍ വിലസുന്നത് അത്ര രുചിച്ചില്ല.

‘അയാള്‍ ആരാണ്?’ തമ്പുരാന്‍ ചോദിച്ചു.

വീരനായ തച്ചോളി ഒതേനനെന്നു മറുപടി. ആരായാലും ശരി അയാളെ പിടിച്ചുകെട്ടി ഹാജരാക്കണമെന്നു തമ്പുരാന്‍ ഉത്തരവിട്ടു.

ഒരുസംഘം നായന്മാര്‍ ആയുധങ്ങളുമായി ഇറങ്ങി. ഒതേനനെ പിടിച്ചുകെട്ടുക അസാധ്യമാണെന്ന് അവര്‍ക്കറിയാം. പക്ഷേ, എന്തുചെയ്യാം. തിരുവായ്ക്ക് എതിര്‍വായില്ലല്ലോ. ആജ്ഞയനുസരിച്ചില്ലെങ്കില്‍ തമ്പുരാന്റെ വാളിനിരയായതു തന്നെ. അനുസരിച്ചാലോ, ഒതേനന്‍ തല കൊയ്യും. എന്തായാലും രണ്ടും കല്പിച്ച് അവരിറങ്ങി.

വഴിമധ്യേ, നായന്മാര്‍ ഒതേനനെ കണ്ടു. പിടിച്ചുകെട്ടാന്‍ ആര്‍ക്കും ധൈര്യമില്ല. അനുനയത്തില്‍ തമ്പുരാന്‍ വിളിക്കുന്നുണ്ടെന്ന് അവര്‍ ഒതേനനെ അറിയിച്ചു. പക്ഷേ, തനിക്കിപ്പോള്‍ വരാന്‍ സൗകര്യമില്ലെന്നായി അദ്ദേഹം. പിടിച്ചുകെട്ടി ഹാജരാക്കാനാണു കല്പനയെന്നു നായന്മാര്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

‘കഴിവുണ്ടങ്കില്‍ പിടിച്ചുകെട്ടിക്കോളിന്‍’ എന്നായിരുന്നു മറുപടി. നായന്മാര്‍ നിന്നു വിയര്‍ക്കുകയാണ്.

‘തമ്പുരാനോടു പറയൂ, എനിക്കദ്ദേഹത്തോടു ബഹുമാനമാണെന്ന്. പിരിവിനായി തമ്പുരാന്റെയടുക്കല്‍ വന്നു ബുദ്ധി മുട്ടിക്കില്ലെന്നു പറയുക’- ഒതേനന്‍ നായന്മാരോടു പറഞ്ഞു. അവര്‍ മടങ്ങിപ്പോയി.

പിറകേ ഒതേനനും നടന്നു. തമ്പുരാന്‍ വിളിച്ചിട്ടു പോകാതിരിക്കുന്നത് അപമാനിക്കുന്നതിനു തുല്യമാണ്. അതു മാന്യതയല്ല. തമ്പുരാനെ മുഖം കാണിക്കാം. കൊട്ടാരത്തിലെത്തിയ ഒതേനന്‍ തമ്പുരാനെ വണങ്ങി സ്വയം പരിചയപ്പെടുത്തി. പിന്നെ അവര്‍ തമ്മില്‍ ചൂതുകളിയായി. കളിയില്‍ ജയിച്ച ഒതേനന് തമ്പുരാന്‍ പാരിതോഷികമായി തന്റെ മോതിരം നല്കി യാത്രയാക്കി.

മടക്കയാത്രയില്‍ കതിരൂര്‍ കൊയിലോം ചിറക്കടവില്‍ സ്ത്രീകളുടെ അടക്കിപ്പിടിച്ച സംസാരം. കാര്യമെന്തെന്നറിയാന്‍ ഒതേനനും ചാപ്പനും കുളക്കടവിലേക്കു ചെന്നു. അതിസുന്ദരിയായ ഒരു യുവതി തോഴിമാരൊത്തു കുളിക്കുകയാണ്. അവളുടെ സൗന്ദര്യം ഒരു മിന്നല്‍പ്പിണര്‍പോലെ ഒതേനന്റെ മനസിലേക്ക് ആഴ്ന്നിറങ്ങി. മനസു തുടിക്കുകയാണ്. ചാപ്പനു കാര്യം പിടികിട്ടിയെങ്കിലും ഒന്നുമറിയാത്തവനേപ്പോലെ നിന്നു.

‘ഹോ! അസാമാന്യ സൗന്ദര്യംതന്നെ. ആരും കൊതിച്ചുപോകും. ആരാണവള്‍? നീയൊന്ന് അന്വേഷിക്ക്.’ ഒടുവില്‍ ഒതേ നന്‍തന്നെ ചാപ്പനോടു പറഞ്ഞു.

‘അരുണാതിരിക്കോട്ടയിലെ കുഞ്ഞിക്കന്നിയാണവള്‍. കോട്ടയത്തെ കുഞ്ഞുണ്ണിത്തമ്പുരാന്‍ പുടവ കൊടുത്ത പെണ്ണാണ്. തമ്പുരാന്റെ പ്രതിശ്രുതവധു. തമ്പുരാന്‍ അവളെ വിശ്വാസ പൊന്‍വളയും അമ്മാനക്കാതിലയും അണിയിച്ചിട്ടുണ്ട്. പരപുരുഷ ബന്ധമുണ്ടായാല്‍ ഇതു രണ്ടും പൊട്ടിപ്പോകും. ചാരിത്ര്യം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് തമ്പുരാന്‍ കുഞ്ഞിക്കന്നിയെ ഇതു രണ്ടും അണിയിച്ചത്.’ ഞൊടിയിടയ്ക്കുള്ളില്‍ ചാപ്പന്‍ മറുപടിയുമായി എത്തി.

പക്ഷേ, ഒതേനന്‍ പിന്തിരിയുന്ന ലക്ഷണമില്ല. കന്നിയോട് ‘മുറുക്കാന്‍ ചോദിക്കണം’. വെറ്റില മുറുക്കാന്‍ തന്നാല്‍ രണ്ടു ദിവസം അവളോടൊപ്പം കഴിയാം ഒതേനന്‍ തീരുമാനിച്ചു. ദൂതനായി ചാപ്പനെത്തന്നെ വിട്ടു. കുഞ്ഞിക്കന്നി അയാളെ കണക്കിനു പരിഹസിച്ചു വിടുകയാണുണ്ടായത്. തന്നെ ഒതേനന് ഒരു ചുക്കും ചെയ്യാനാവില്ലെന്നു വെല്ലുവിളിയും മുഴക്കി. തന്റെ പടുകൂറ്റന്‍ കോട്ടയിലേക്ക് എത്തിനോക്കാന്‍പോലും ഒതേനനു കഴിയില്ലെന്നു കൂടി വീമ്പിളക്കിയാണ് അവള്‍ കുളിക്ക ടവു വിട്ടത്.

മോഹിച്ച പെണ്ണില്‍നിന്നുള്ള പരിഹാസം ഒതേനനെ ശരിക്കും ചൊടിപ്പിച്ചു. അവളെ പാഠംപഠിപ്പിക്കണം. കുലദേവത കുടിയിരിക്കുന്ന ലോകനാര്‍കാവിലേക്ക് ഓടി. പൂജയും പ്രാര്‍ഥനയും നടത്തി ഒതേനന്‍ ചാപ്പനുമൊന്നിച്ച് യാത്രയായി. കന്നിയുടെ അരുണാതിരികോട്ടയിലേക്ക്.

പടുകൂറ്റന്‍ കോട്ടതന്നെ. കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങിനു കായലിന്റെ വലിപ്പം. അതു കടന്നു കോട്ടവാതില്‍ക്കല്‍ എത്താന്‍ എളുപ്പമല്ല. കിടങ്ങിനുചുറ്റും പതുങ്ങിപ്പതുങ്ങി നടന്നു. വടക്കുഭാഗത്ത് കിടങ്ങില്‍ കിടന്ന ഒരു മുളയില്‍ അള്ളിപ്പിടിച്ചിരുന്ന് അവര്‍ കോട്ട വാതില്‍ക്കല്‍ എത്തി. പതിനെട്ടു വാതിലുള്ള കോട്ട. പതിനെട്ടു വാതിലും തുറ ന്നിരിക്കുന്നു. അകത്തു കയറിയയുടനേ, വാതില്‍പ്പാളിക്കു പിന്നില്‍നിന്നിരുന്ന കാവല്‍ക്കാര്‍ വാള്‍വീശി, ഒതേനന്റെ കഴുത്തിനുനേരെ. ആയുധപ്രയോഗം പ്രതീക്ഷിച്ചിരുന്ന ഒതേനനും ചാപ്പനും ഞൊടിയിടയില്‍ തെന്നിമാറി.

കാവല്‍ക്കാരെ ഉറുമികൊണ്ട് തുരുതുരാ അരിഞ്ഞുവീഴ്ത്തി. പതിനെട്ടു കോട്ടവാതില്‍ക്കലേയും കാവല്‍ക്കാരെ പിടികൂടി കൈകാലുകള്‍ ബന്ധിച്ചു. അവരുടെ കുടുമയും കൂട്ടിക്കെട്ടി. കോട്ടമുകളില്‍ നിരത്തിവച്ചിരുന്ന പീരങ്കികളില്‍ വെള്ളമൊഴിച്ചു. വെടിമരുന്നു നനഞ്ഞു കുതിര്‍ന്നു.

കോട്ട ഒതേനന്റെ നിയന്ത്രണത്തിലായി. കുഞ്ഞിക്കന്നിയെ കോട്ടയിലെങ്ങും കണ്ടില്ല. ഭൂഗര്‍ഭനിലയിലായിരിക്കും. അടിക്കോട്ടയുടെ കല്ലറവാതില്‍തുറന്ന് ഒതേനന്‍ അകത്തുകടന്നു. പിന്നെ പൊന്നറ വാതില്‍. അതും തുറന്ന് മനോഹരമായ ഒരു മുറിയിലെത്തി. അവിടെ പൊന്‍കട്ടിലിലിരുന്ന് കുഞ്ഞിക്കന്നി വിതുമ്പിക്കരയുകയാണ്. അദ്ദേഹം തെല്ലും ശങ്കിക്കാതെ കട്ടിലിലിരുന്നു. കോട്ടയത്തെ കുഞ്ഞുണ്ണിത്തമ്പുരാന്‍ വിവാഹംചെയ്ത തന്നെ തൊടരുതെന്ന് അവള്‍ കരഞ്ഞുകൊണ്ടപേക്ഷിച്ചു. വിശ്വാസപൊന്‍വളയും അമ്മാനക്കാതിലയും അണിഞ്ഞിരിക്കുന്നതും ഒതേനനെ കാണിച്ചു. എന്തൊക്കയായാലും മുറുക്കാന്‍ തന്നില്ലെങ്കില്‍ കൊത്തിയരിയുമെന്നായി ഒതേനന്‍.

പ്രാണഭയംമൂലം അവള്‍ക്കു വഴങ്ങേണ്ടിവന്നു. അപ്പോഴേക്കും കുഞ്ഞുണ്ണി ത്തമ്പുരാന്‍ അവിടെയെത്തി. കോട്ടയിലെ സ്ഥിതികണ്ട് അദ്ദേഹം അമ്പരന്നു. തമ്പുരാന്‍ വരുന്നതറിഞ്ഞ് കന്നി ഭയന്നു വിറച്ചു. വിശ്വാസപൊന്‍വള പൊട്ടിയിരിക്കുന്നു. അമ്മാനക്കാതില ചതുങ്ങിയിട്ടുണ്ട്. തമ്പുരാന്‍ തന്നെ കൊല്ലുമെന്നു ഭയന്ന് അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. പൂച്ച ചാടിയപ്പോഴാണ് അമ്മാനക്കാതില ചതുങ്ങിയതെന്നും പൂച്ചയെ തല്ലിയപ്പോള്‍ വിശ്വാസപൊന്‍വള പൊട്ടിപ്പോയെന്നും പറഞ്ഞാല്‍ മതിയെന്ന് ഉപദേശിച്ച് ഒതേനന്‍ പെട്ടെന്നു മുങ്ങി.

അടുത്തനിമിഷത്തില്‍ തമ്പുരാന്‍ അകത്തെത്തി. അമ്മാനക്കാതില ചളുങ്ങിയതും വിശ്വാസപൊന്‍വള പൊട്ടിയതുംകണ്ട് അദ്ദേഹം കോപിച്ചുവിറച്ചു. പൂച്ച ചാടിയതാണെന്ന നുണക്കഥയൊന്നും അദ്ദേഹം വിശ്വസിച്ചില്ല. അഗ്നി കുണ്ഡത്തില്‍ ചാടി വിശ്വാസം തെളിയിക്കണമെന്നു പറഞ്ഞു തമ്പുരാന്‍ സ്ഥലംവിട്ടു.

ഒതേനന്‍ കന്നിയുടെ മുറിയില്‍ തിരിച്ചെത്തി. അഗ്നികുണ്ഡത്തില്‍ ചാടി വിശ്വാസം തെളിയിക്കാന്‍ എന്തുചെയ്യും? ഒതേനന്‍ ഒരു ഉപായം കണ്ടെത്തി.

‘അഗ്നികുണ്ഡത്തില്‍ ചാടുംമുമ്പ് ജനക്കൂട്ടത്തില്‍ കുറച്ചുപേര്‍ക്ക് വെറ്റിലയും അടയ്ക്കയും നല്കുക. ഞാന്‍ സന്യാസിവേഷത്തില്‍ നില്‍ക്കാം. എനിക്കും തരണം വെറ്റില. എന്റെ വിരലില്‍ ചുണ്ണാമ്പു പുരട്ടിയിരിക്കും. എനിക്കു വെറ്റില തരുമ്പോള്‍ കൈ പിടിച്ച് ആ ചുണ്ണാമ്പ് എടുക്കുക. അപ്പോള്‍ ജനത്തോടു പറയണം: ‘അഗ്നി കുണ്ഡത്തില്‍ ചാടുംമുമ്പേ ഞാനൊന്നു മുറുക്കട്ടെ’യെന്ന്. വെറ്റിലമുറുക്കിക്കൊണ്ട് പറയണം: കോട്ടയത്തു കുഞ്ഞുണ്ണിത്തമ്പുരാനല്ലാതെ ഇപ്പോള്‍ ഞാന്‍ ചുണ്ണാമ്പു വാങ്ങിയ സന്യാസിയെ മാത്രമേ തൊട്ടിട്ടുള്ളൂ. മറ്റൊരു പരപുരുഷനെ ഞാന്‍ സ്പര്‍ശിച്ചിട്ടേയില്ല. ഇതു സത്യം, സത്യം, സത്യം. മറ്റാരെയെങ്കിലും ഞാന്‍ തൊട്ടിട്ടുണ്ടങ്കില്‍ ഈ അഗ്നികുണ്ഡത്തില്‍ ഞാന്‍ കത്തിച്ചാമ്പലാകട്ടെ.’ പിന്നെ അഗ്നികുണ്ഡത്തില്‍ ചാടിയാല്‍ ഒരു കുഴപ്പവും വരില്ല. സത്യം പറയുന്നതിനാല്‍ പൊള്ളലേല്ക്കില്ല.’ ഒതേനന്റെ നിര്‍ദേശം കുന്നി ശരിവച്ചു.

പിറ്റേന്ന് അഗ്നികുണ്ഡമൊരുങ്ങി. ഒതേനന്‍ പറഞ്ഞതനുസരിച്ചു കന്നി പ്രവര്‍ത്തിച്ചു. അഗ്നികുണ്ഡത്തില്‍ ഏഴു തവണ കയറിയിറങ്ങിയിട്ടും അവള്‍ക്കു പൊള്ളലേറ്റില്ല. ‘ചാരിത്ര്യ വിശ്വാസ്യത’ തെളിഞ്ഞപ്പോള്‍ തമ്പുരാന്‍ കന്നിയെ ആനപ്പുറത്തേറ്റി കൊട്ടാരത്തിലേക്കു കൊണ്ടുപോയി; ഒതേനന്‍ തന്റെ വഴിക്കും പോയി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *