സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് സര്‍വകാല ഉയരത്തില്‍. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7,375 രൂപയും പവന്‍ വില 480 രൂപ ഉയര്‍ന്ന് 59,000 രൂപയിലുമെത്തി. ആദ്യമായാണ് സ്വര്‍ണ വില 59,000 എന്ന മാന്ത്രിക സംഖ്യ തൊടുന്നത്. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,075 രൂപയിലെത്തി. രണ്ട് ദിവസമായി അനക്കമില്ലാതെ തുടര്‍ന്ന വെള്ളി ഇന്ന് ഗ്രാമിന് ഒരു രൂപ കൂടി 105 രൂപയിലാണ് വ്യാപാരം നടത്തുന്നത്. രാജ്യന്തര വിലയ്ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണം നീങ്ങുന്നത്. ഒക്ടോബര്‍ 23ന് ഔണ്‍സിന് 2,758 ഡോളര്‍ എന്ന സര്‍വകാല ഉയരം തൊട്ട ശേഷം താഴ്ന്ന സ്വര്‍ണ വില ഇപ്പോള്‍ വീണ്ടും കയറുകയാണ്. ഇന്ന് രാവിലെ 0.30 ശതമാനം ഉയര്‍ന്ന് വില 2,750.10 രൂപയിലേക്ക് തിരിച്ചു കയറി. കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജിഎസ്ടി, എച്ച്.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്ത് 63,862 രൂപ ചെലവഴിക്കണം. പണിക്കൂലി 10 ശതമാനം കണക്കാക്കിയാല്‍ ഇത് 66,900 രൂപയുമാകും.