ഗൗട്ട്, വൃക്കയിലെ കല്ലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വരുന്ന അവസ്ഥയാണ് ഹൈപ്പര്‍യൂറിസീമിയ അഥവാ ഉയര്‍ന്ന യൂറിക് ആസിഡ് തോത്. എന്നാല്‍ ഉയര്‍ന്ന യൂറിക് ആസിഡിന്റെ ലക്ഷണങ്ങളെ മറ്റ് ചില രോഗങ്ങളായി പലപ്പോഴും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. ഇനി പറയുന്ന ലക്ഷണങ്ങള്‍ യൂറിക് ആസിഡ് തോത് വര്‍ധിക്കുന്നത് മൂലമാണ്. എക്സിമ, അലര്‍ജി പ്രതികരണങ്ങള്‍ എന്നിവയെന്ന് തോന്നിപ്പിക്കുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ ഹൈപ്പര്‍യൂറിസീമിയ മൂലം ഉണ്ടാകാം. ചുവന്ന നിറത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന പാടുകളാണ് ശരീരത്തില്‍ വരുക. വിട്ടുമാറാത്ത ഇത്തരം ചര്‍മ്മ പ്രശ്നങ്ങളുള്ളവര്‍ യൂറിക് ആസിഡിന്റെ തോത് കൂടി പരിശോധിപ്പിക്കുന്നത് നന്നായിരിക്കും. ഉയര്‍ന്ന തോതില്‍ യൂറിക് ആസിഡ് ഉള്ളവര്‍ക്ക് മിതമായ പനിയും ശരീരത്തിലുടനീളം വേദനയും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. അണുബാധയൊന്നും ഉണ്ടാകാതിരിക്കുകയും ഈ ലക്ഷണങ്ങള്‍ വീണ്ടും വീണ്ടും വരികയും ചെയ്താല്‍ യൂറിക് ആസിഡ് തോത് പരിശോധിക്കാം. വയര്‍ കമ്പനം, ദഹനക്കേട്, വയര്‍ വേദന തുടങ്ങിയ പ്രശ്നങ്ങളെ ആരും യൂറിക് ആസിഡുമായി ബന്ധിപ്പിച്ചെന്ന് വരില്ല. ആസിഡ് റീഫ്ളക്സിന്റെ പ്രശ്നമാണെന്ന് പലരും കരുതിയെന്ന് വരാം. വിട്ടുമാറാത്ത വയറിന്റെ പ്രശ്നങ്ങളുള്ളവരും യൂറിക് ആസിഡ് സാധ്യത കൂടി പരിഗണിക്കേണ്ടതാണ്. യൂറിക് ആസിഡ് തോത് വല്ലാതെ ഉയര്‍ന്നാല്‍ യൂറേറ്റ് പരലുകള്‍ രൂപപ്പെടാം. ഈ പരലുകള്‍ പെരിഫെറല്‍ നാഡീവ്യൂഹത്തില്‍ അടിയുന്നത് കാലുകള്‍ക്ക് മരവിപ്പോ തരിപ്പോ ഉണ്ടാക്കാം. മൂഡ് മാറ്റങ്ങള്‍, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ, ഓര്‍മ്മ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള ധാരണശേഷി പ്രശ്നങ്ങള്‍ക്കും ഉയര്‍ന്ന യൂറിക് ആസിഡ് തോത് കാരണമാകാം. യൂറിക് ആസിഡ് പരലുകള്‍ നട്ടെല്ലില്‍ അടിയുന്നത് കടുത്ത നടുവേദനയ്ക്കും കാരണമാകാം. ശരീരത്തില്‍ അത്യധികമായ തോതില്‍ യൂറിക് ആസിഡ് ഉണ്ടാകുമ്പോള്‍ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാം.
ഉയര്‍ന്ന യൂറിക് ആസിഡ് തോതിന്റെ ലക്ഷണങ്ങള്‍
