കൊച്ചി രാജ്യത്തെ പാലിയത്ത് എന്ന പ്രമുഖ നായർ തറവാട്ടിലെ കാരണവന്മാരാണ് ‘പാലിയത്തച്ചൻ’ എന്നറിയപ്പെട്ടിരുന്നത്. “പാലിയത്ത് അച്ഛൻ” ഇന്നത്തെ അറിയാ കഥകളിലൂടെ വായിച്ചറിയാം….!!!
ചേന്ദമംഗലം , വൈപ്പിൻ , തൃശ്ശൂരിൻ്റെ ചില ഭാഗങ്ങൾ , പഴയ സാമ്രാജ്യത്തിന് കീഴിലായിരുന്ന പ്രദേശങ്ങൾ എന്നിവ ഭരിച്ചിരുന്ന കേരളത്തിലെ ഒരു നായർ അഥവാ മേനോൻ രാജകുടുംബത്തിന്, നൽകിയ പേരാണ് പാലിയത്ത് അച്ചൻ. ഈ പ്രദേശങ്ങളിൽ കുടുംബത്തിന് കൊട്ടാരങ്ങളും കോട്ടകളും ഉണ്ടായിരുന്നെങ്കിലും അവരുടെ പ്രാഥമിക വസതി ചേന്ദമംഗലത്ത് തന്നെ തുടർന്നു.
കൊച്ചി മഹാരാജാവ് പാലിയത്ത് അച്ചന്മാർക്ക് കൊച്ചി രാജ്യത്തിൻ്റെ പാരമ്പര്യ പ്രധാനമന്ത്രി സ്ഥാനം നൽകി.പാലിയത്ത് അച്ചന്മാർ 1632 മുതൽ 1809 വരെ കൊച്ചി രാജാക്കന്മാരുടെ പാരമ്പര്യ പ്രധാനമന്ത്രിമാരായിരുന്നു. ആ കാലഘട്ടത്തിൽ മധ്യകൊച്ചി പ്രദേശത്ത് അധികാരത്തിലും സമ്പത്തിലും രാജാക്ക് പിന്നിൽ രണ്ടാമതും ആയിരുന്നു .
പാലിയത്തച്ചന്മാർ 1632 മുതൽ 1809 വരെ കൊച്ചി രാജാക്കന്മാരുടെ മന്ത്രി മുഖ്യൻ എന്ന പദവി വഹിച്ചുവന്നു. 1663-ലാണ് പാലിയത്തച്ചന്മാർ ഈ പദവിയിലെത്തിയതെന്നും ചില സ്രോതസ്സുകൾ പറയുന്നു. കൊച്ചീരാജാവ് കഴിഞ്ഞാൽ ഈ പ്രദേശത്തെ അധികാരവും പദവിയും സമ്പത്തുമുള്ള ആളുകളായിരുന്നു പാലിയത്തച്ചന്മാർ. കൊച്ചിയിൽ പാതി പാലിയം എന്ന ചൊല്ലുതന്നെ ഇവരുടെ ശക്തിയും സ്വാധീനവും വെളിവാക്കുന്നുണ്ട്. ഡച്ചുകാരുടെ സഹായത്തോടെ പാലിയത്തച്ചൻ നിർമ്മിച്ച ഡച്ചുമോഡൽ കൊട്ടാരമാണ് ഇന്നും പാലിയത്തച്ചന്മാരുടെ ആസ്ഥാന മന്ദിരം.
പ്രധാന കുടുംബമായ പാലിയത്ത്തറവാട് ഏകദേശം 450 വർഷം പഴക്കമുള്ളതാണ്. പുരാതന രേഖകൾ, മതപരമായ കൂദാശകൾ, വാളുകൾ, റൈഫിളുകൾ, വിദേശ പ്രമുഖർ കൊണ്ടുവന്ന സമ്മാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുരാവസ്തുക്കളാണ് കോവിലകത്ത് സൂക്ഷിച്ചിരിക്കുന്നത് . പാലിയത്ത് അച്ചൻ്റെ കോവിലകം ഡച്ചുകാരാണ് നിർമ്മിച്ചത്, ഡച്ച് കൊട്ടാരം എന്നും ഇത് അറിയപ്പെടുന്നു. ഇതുപോലെയുള്ള മറ്റ് നിരവധി കെട്ടിടങ്ങൾ തറവാടിനോട് ചേർന്ന് നിലവിലുണ്ട്. ഈ പ്രദേശത്തെ കെട്ടിടങ്ങൾക്ക് 60 മുതൽ 300 വർഷം വരെ പഴക്കമുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പാലിയം കൊട്ടാരവും നാലുകെട്ടും ഇന്ത്യാ ഗവൺമെൻ്റും കേരള സംസ്ഥാനവും പുരാവസ്തു സ്മാരകങ്ങളായി അംഗീകരിച്ചിട്ടുണ്ട്, പാലിയം കുടുംബവുമായുള്ള സംയുക്ത ഉടമസ്ഥാവകാശവും പരിപാലന കരാറും അനുസരിച്ച് രണ്ട് കെട്ടിടങ്ങളും നിലവിൽ മുസിരിസ് പദ്ധതിയുടെ കീഴിലുള്ള മ്യൂസിയങ്ങളാണ്. സ്വകാര്യ ചടങ്ങുകൾക്കും മറ്റ് സർക്കാർ ഔദ്യോഗിക ചടങ്ങുകൾക്കുമായി അവ ഉപയോഗിക്കും, ഈ സമയത്ത് കെട്ടിടങ്ങൾ പൊതുജനങ്ങൾക്കായി തുറക്കാറില്ല.
പെരിയാറിന്റെ തീരം എന്നതുകൊണ്ട് വില്ലാർവട്ടം എന്ന പേരും ചേന്ദമംഗലത്തിനുണ്ടായിരുന്നുവെന്ന് പറയുന്നു. വില്ലാർ വട്ടം രാജാക്കൻമാർ ക്ഷത്രിയരായിരുന്നന്നും ഒടുവിലത്തെ രാജാവ് ക്രിസ്തുമതത്തിൽ ചേർന്നതിനാൽ കൊച്ചിരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ആ സ്ഥാനം പാലിയത്തച്ഛനു നൽകിയെന്നും കൊടുങ്ങല്ലൂർ കഞ്ഞുക്കുട്ടൻ തമ്പുരാന്റെ കോകിലസന്ദേശ വ്യാഖ്യാനത്തിൽ പറയുന്നു. ചേരമാൻ പെരുമാൾ തന്റെ രാജ്യം പങ്കിട്ടപ്പോൾ കൊച്ചിരാജാവിന് 52 കാതം ഭൂമിയും 18 പ്രഭുക്കന്മാരെയും കൊടുത്തുവെന്നും പ്രഭുക്കന്മാരിൽ ഒരാൾ പാലിയത്തച്ചനായിരുന്നുവെന്നും കേരളോൽപത്തിയിൽ പറയുന്നുണ്ട്.
പാലിയം സത്യാഗ്രഹം എന്താണെന്ന് കൂടി നോക്കാം.1947-48 കാലഘട്ടത്തിൽ ചേന്ദമംഗലത്തെ പാലിയത്തെ കുടുംബവീടിൻ്റെയും ക്ഷേത്രങ്ങളുടെയും ചുറ്റുപാടുമുള്ള റോഡുകളിൽ താഴ്ന്ന ജാതിയിൽപ്പെട്ട ഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനമായിരുന്നു പാലിയം സത്യാഗ്രഹം . ഇതിൻ്റെയും സമാനമായ പ്രസ്ഥാനങ്ങളുടെയും വിജയമാണ് 1948 -ൽ കൊച്ചിയിലെ ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കൾക്കും തുറന്നുകൊടുക്കുന്നതിലേക്ക് നയിച്ചത് . പാലിയo കൊട്ടാരത്തിന് കേരള ചരിത്രത്തിലുള്ള പ്രസക്തി അറിയാക്കഥകളുടെ അടുത്ത ഭാഗത്തിലൂടെ നിങ്ങളിലേക്ക് എത്തും. അറിയാ കഥകളുടെ അടുത്ത ഭാഗം മറക്കാതെ വായിക്കുക.