രജനികാന്തിന്റെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നാണ് കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത് 1999 ല്‍ പുറത്തിറങ്ങിയ ‘പടയപ്പ’ എന്ന ചിത്രം. കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നു. രജനികാന്ത് സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ആദരമര്‍പ്പിച്ചുകൊണ്ടാണ് റീ റിലീസ് വരുന്നത്. രജനികാന്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 12 നാണ് ചിത്രത്തിന്റെ റീ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴിതാ റീ റിലീസ് ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പടയപ്പ രണ്ടാം ഭാഗം ഉണ്ടാവുമെന്നും ഇതിനോടനുബന്ധിച്ച് രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. നീലാംബരി എന്നാണ് ചിത്രത്തിന്റെ പേരെന്നും രജനികാന്ത് പറഞ്ഞിരുന്നു. ചിത്രത്തില്‍ രജനീകാന്തിനൊപ്പം സൗന്ദര്യ, രമ്യ കൃഷ്ണന്‍, ശിവാജി ഗണേശന്‍, നാസര്‍, ലക്ഷ്മി, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
