പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം തില്ലങ്കേരിയിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ ഇന്ന് പി ജയരാജൻ പ്രസംഗിക്കും. പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി ജയരാജൻ തന്നെ ഇറങ്ങണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാർട്ടി അനുഭാവികളും പങ്കെടുക്കും.
സിപിഎമ്മിന് വലിയ ആഘാതമായ വെളിപ്പെടുത്തൽ നടത്തിയിട്ടും പ്രാദേശികമായി ആകാശിനെ പിന്തുണയ്ക്കുന്നവർ പാർട്ടിയിലുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നു. എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധയാത്ര കണ്ണൂരെത്തും മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.അതേസമയം പി ജയരാജനെ തന്നെ രംഗത്തിറക്കി ആകാശ് തില്ലങ്കേരിയേയും കൂട്ടരേയും തള്ളാനുള്ള പരിപാടിക്ക് പിന്നിൽ ഇപി ജയരാജനും കൂട്ടരും ആണെന്നാണ് ഇപിയെ പിന്തുണയ്ക്കുന്നവർ പറയുന്നത്. . ആകാശിനെ പി ജയരാജൻ തന്നെ തള്ളിപ്പറയണമെന്ന് ഇവരാണ് വാദിച്ചത്. അതിനായാണ് തില്ലങ്കേരിയിൽ പി ജയരാജൻ പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടത്. ആകാശിനെതിരായ ചർച്ച തുടങ്ങിവച്ചതും ഇപി ജയരാജൻ അനുകൂലികളാണ്. റിസോർട്ട് വിവാദം പി ജയരാജൻ പാർട്ടിയിൽ ഉന്നയിച്ചതാണ് പ്രകോപനമെന്നും പി ജയരാജൻ അനുകൂലികൾ പറയുന്നു.