Untitled design 20241217 105157 0000

 

 

ഓട്ടൻതുള്ളൽ എന്ന കലാരൂപത്തെ കുറിച്ച് അറിയാമല്ലോ. ഓട്ടൻതുള്ളൽ കാണാത്തവർ ചുരുക്കമാണ്. ഇന്ന് നമുക്ക് ഓട്ടൻതുള്ളൽ എന്ന കലാരൂപത്തെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം…!!!

 

കലക്കത്തു കുഞ്ചൻ നമ്പ്യാർ മുന്നൂറോളം കൊല്ലം‌മുമ്പ് ആവിഷ്കരിച്ച ജനകീയ കലാരൂപമാണ് ഓട്ടൻ‌തുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ.

 

ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചിരുന്നത്. ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു അതായിരുന്നു ഓട്ടൻതുള്ളൽ.

 

ഓട്ടൻ തുള്ളലിലെ വേഷക്രമത്തിന് കഥകളിയുടേതിനോട് സാമ്യമുണ്ട് എന്നു പറയാം. കിരീടം , കൂടാതെ ശരീരത്തിനെയും വയറിനെയും മറയ്ക്കുന്ന മാർമാലയും കഴുത്താരവും കൈയ്യിൽ തോൾക്കൂട്ടം,പരത്തിക്കാമണിയും അരയിൽ ‘അമ്പലപുഴ കോണകം’ എന്നറിയപ്പെടുന്ന തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലിൽ ചിലങ്കകൾ എന്നിവയാണ് ഓട്ടൻതുള്ളലിലെ വേഷം.

തുള്ളലിൽ ഉപയോഗിയ്ക്കുന്ന താളങ്ങൾ ഗണപതി താളം,ചമ്പ താളം,ചെമ്പട താളം എന്നിവയാണ്.തുള്ളൽ തുടങ്ങുമ്പോൾ ചുവടുവെയ്ക്കുന്നത് ഗണപതി താളത്തിനനുസരിച്ചാണ്.ചമ്പ താളം എന്നാൽ 10 അക്ഷര താളം. വായ്ത്താരി ഇപ്രകാരമാണ്”തത്തിന്തത്താ കിടധീ ധിതി ത്തിത്തൈ”. ചെമ്പട താളം എന്നാൽ 8 അക്ഷരതാളം. കൂടാതെ മർ‌മ്മ താളം,ലക്ഷ്മീ താളം,കുംഭ താളം,കാരികതാളം,കുണ്ടനാച്ചിതാളം തുടങ്ങിയവയും ഉണ്ട്.

ആദ്യകാലങ്ങളിൽ കുഴിതാളവും തൊപ്പിമദ്ദളവുമാണ്‌ ഉപയോഗിച്ചു വന്നിരുന്നത്‌ പിൽക്കാലത്ത് സംഗീതത്തിലും വാദ്യങ്ങളിലും മാറ്റമുണ്ടായി. ശ്രുതിക്കായി ഹാർമോണിയവും, തൊപ്പിമദ്ദളത്തിനു പകരമായി മൃദംഗവും ഉപയോഗിച്ചു വരുന്നു. മേളക്കൊഴുപ്പിനായി ഇടക്കയും ഉപയോഗിക്കുന്നുണ്ട്.ഓട്ടൻ തുള്ളലിൽ പൊതുവേ ഉപയോഗിച്ച് കാണുന്നത് തരംഗിണി എന്ന വൃത്തമാണ്‌.

രംഗാവതരണത്തിൽ സംഗീതത്തിന് ഏറെപ്രാധാന്യമുള്ള തുള്ളലിൽ നിരവധി രാഗങ്ങളും മേൽ‌പറഞ്ഞ താളങ്ങളും ഉപയോഗിക്കുന്നു. പ്രധാനമായും അഠാണ, നീലാംബരി, ബിലഹരി, ദ്വിജാവന്തി, ഭൂപാളം, ഇന്ദിശ, കാനക്കുറുഞ്ഞി, നാട്ടക്കുറുഞ്ഞി, പുറനീര്, ആനന്ദഭൈരവി, ബേഗഡ എന്നിവയാണ് ഉപയോഗിക്കുന്ന രാഗങ്ങൾ. നർ‌ത്തകനും രണ്ട് പിൻപാട്ടുകാരും ഉൾപ്പെടുന്ന തുള്ളലിൽ മദ്ദളം ഉപയോഗിക്കുന്നത് പൊന്നാനിയും കൈമണി ഉപയോഗിക്കുന്നത് ശിങ്കിടിയുമാണ്. നർത്തകൻ പാടുന്ന തുള്ളൽ‌പാട്ടുകൾ ശിങ്കിടി ഏറ്റുപാടിയാണ് തുള്ളൽ അവതരിപ്പിക്കുന്നത്.

 

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയായുള്ള കിള്ളിക്കുറിശ്ശിമംഗലം എന്ന ഗ്രാമത്തിലാണ് കുഞ്ചൻ നമ്പ്യാർ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മഗൃഹമായ കലക്കത്തു ഭവനം ഇന്ന് ഒരു സ്മാരകമായും ഓട്ടൻ തുള്ളലിനും അനുബന്ധ കലകൾക്കുമായുള്ള ഒരു മ്യൂസിയം ആയും സംരക്ഷിച്ചിരിക്കുന്നു. കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും അവിടെയുണ്ട്. കേരളത്തിലെ രംഗകലകളെ കുറിച്ചുള്ള കൈയെഴുത്തു പ്രതികളും രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു. ഓട്ടൻതുള്ളൽ ജനങ്ങൾ മനസ്സിലേറ്റി കഴിഞ്ഞ കലാരൂപമാണ്.മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ട് ഓട്ടൻതുള്ളൽ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *