ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബര്‍ട്ട്. ജെ. ഓപ്പണ്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ഓപ്പണ്‍ഹൈമര്‍’ 912 ദശലക്ഷം ഡോളര്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടി എല്ലാ ബയോപിക്ക് സിനിമകളെയും പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ബ്രയാന്‍ സിങ്ങറിന്റെ ബയോഗ്രാഫിക്കല്‍ മ്യൂസിക്കല്‍ ഡ്രാമ സിനിമയായ ‘ബൊഹീമിയന്‍ റാപ്‌സൊഡി’യെയാണ് ഓപ്പണ്‍ഹൈമര്‍ പിന്നിലാക്കിയത്. 910 ദശലക്ഷം ഡോളറാണ് ബൊഹീമിയന്‍ റാപ്‌സൊഡി നേടിയിരുന്നത്. റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ ജീവിതവും അദ്ദേഹത്തിന്റെ ‘മാന്‍ഹട്ടന്‍ പ്രോജക്റ്റു’മാണ് സിനിമയുടെ മുഖ്യ പ്രമേയം. കൂടാതെ ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സൂപ്പര്‍ ഹീറോ ഇതര ചിത്രം എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. 826 ദശലക്ഷം ഡോളര്‍ നേടിയ ‘ഇന്‍സെപഷനെ’യാണ് ചിത്രം മറികടന്നത്. റെക്കോര്‍ഡുകളെ കൂടാതെ വിവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു ഓപ്പണ്‍ഹൈമര്‍. ചിത്രത്തില്‍ ഓപ്പണ്‍ഹൈമറായി വേഷമിട്ട കിലിയന്‍ മര്‍ഫി ലൈംഗികബന്ധത്തിനിടെ ഭഗവത് ഗീത വായിക്കുന്ന രംഗം ഇന്ത്യയില്‍ ഒരുപാട് ചര്‍ച്ചകള്‍ക്കും, വിവാദങ്ങള്‍ക്കും തുടക്കമിട്ടിരുന്നു. കൂടാതെ ‘സേവ് ഇന്ത്യ സേവ് കള്‍ച്ചര്‍ ഫൌണ്ടേഷന്‍’ ചിത്രത്തിനെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഇറങ്ങിയ തീയേറ്ററുകളിലെല്ലാം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് താരങ്ങള്‍ക്ക് വസ്ത്രം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ക്കൊന്നും തന്നെ സിനിമയുടെ മുന്നേറ്റത്തെ തടയിടാനാവില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് സിനിമ സൃഷ്ടിച്ച പുതിയ റെക്കോര്‍ഡ്.