130 കോടി രൂപ മൂല്യം വരുന്ന ചാറ്റ് ഡോട്ട് കോം എന്ന വെബ് ഡൊമൈന്‍ വാങ്ങി നിര്‍മിത ബുദ്ധിയിലെ മുടിചൂടാമന്നനായ ഓപ്പണ്‍ എഐ. ഇന്ത്യന്‍ ടെക് സംരംഭകനും ഹബ് സ്പോട്ട് സഹസ്ഥാപകനുമായ ധര്‍മേഷ് ഷായുടെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ് ഈ ഡൊമൈന്‍. ഓപ്പണ്‍ എഐ സി.ഇ.ഒ സാം ആള്‍ട്മാന്‍ കഴിഞ്ഞ ദിവസം എക്സില്‍ കുറിച്ചത് ചാറ്റ് ഡോട്ട് കോം എന്ന് മാത്രമായിരുന്നു. പിന്നാലെ ധര്‍മേഷ് ഷാ വെളിപ്പെടുത്തലുമായി രംഗത്തെത്തി. ഈ ഡൊമൈന് വേണ്ടി എഐ സ്റ്റാര്‍ട്ടപ്പ് തനിക്ക് പണത്തിന് പകരം ഷെയറുകളാണ് നല്‍കിയതെന്നായിരുന്നു വെളിപ്പെടുത്തല്‍. 2023 ലാണ് ചാറ്റ് ഡോട്ട് കോം എന്ന ഡൊമൈന്‍ 130 കോടി രൂപക്ക് (15 മില്യണ്‍ ഡോളര്‍) ധര്‍മേഷ് ഷാ വാങ്ങിയത്. ചാറ്റ് ഡോട്ട് കോം വാങ്ങിയതിലൂടെ ചാറ്റ്ജിപിടി പുതിയ ബ്രാന്‍ഡിംഗിലേക്ക് മാറും. ജി.പി.ടി എന്ന വാക്ക് ഒഴിവാക്കുമെന്നാണ് സൂചനകള്‍. ചാറ്റ് അധിഷ്ഠിത ഡൊമൈനുകള്‍ക്ക് ഭാവിയില്‍ സാധ്യതയേറെയാണെന്ന് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ വര്‍ഷം ധര്‍മേഷ് ഷാ ചാറ്റ് ഡോട്ട് കോം വാങ്ങിയത്. ലളിതമായ രീതിയില്‍ ഉപയോഗിക്കാമെന്നതും ഭാവിയിലെ ആവശ്യങ്ങളെ മുന്നില്‍ കണ്ട് നിര്‍മിച്ചതുമാണ് ചാറ്റ് ഡോട്ട് കോം എന്ന് ധര്‍മേഷ് പറയുന്നു.