വിഷു ആഘോഷങ്ങൾ നമുക്കെന്നും ഏറെ പ്രിയപ്പെട്ടതാണ്. കുട്ടികളുടെ വേനൽ അവധിക്കാലം വിഷു ആഘോഷത്തിന്റെ കാലം കൂടിയാണ്. എന്നാൽ ഇന്നത്തെ യുവതലമുറയ്ക്ക് വിഷുവിനെ കുറിച്ച് കൃത്യമായ ധാരണകൾ കുറവാണ്. വിഷു ഒരു ആഘോഷം മാത്രമല്ല, അതിനു പിന്നിലുള്ള ഐതിഹ്യത്തെക്കുറിച്ച് നമുക്ക് ഒന്ന് നോക്കാം….!!!!
കേരളത്തിലെ കാർഷികോത്സവമാണ് വിഷു.മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു ആഘോഷിക്കുന്നത്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്.വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്.
വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം.അത് മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180°യിൽ നേരെ പതിക്കുന്നത്. ഇതേ പ്രതിഭാസം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ വിഷു എന്നും പറയുന്നു.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു ആണ്. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം ആണ് ഇതിന് കാരണം.
നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.രാവണന്റെ മേൽ രാമൻ നേടിയ വിജയം ആഘോഷിക്കുവാനാണ് വിഷു എന്നാണ് മറ്റൊരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം കൂടി ഉണ്ട്.
ഒരു ഐതീഹ്യം ഇങ്ങനെയാണ്. കണ്ണനെ തന്റെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ആ കുഞ്ഞിന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ശ്രീകൃഷ്ണ ഭഗവാന്റെ ബാലരൂപം കാണണം. കണ്ണനോടൊപ്പം കളിക്കണം. അവൻ അതിന് വേണ്ടി മാത്രം പ്രാർത്ഥിച്ചു. ആ കുഞ്ഞിന്റെ പ്രാർത്ഥനയിൽ മനം നിറഞ്ഞ ശ്രീകൃഷ്ണൻ ഉണ്ണിക്കണ്ണന്റെ രൂപത്തിൽ ആ ബാലന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ശ്രീകൃഷ്ണൻ ബാലനോട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. നിന്നെ കാണുന്നതല്ലാതെ മറ്റെന്തു കിട്ടാനാണ് എന്നാണ് ആ കുട്ടി കണ്ണീരോടെ മറുപടി പറഞ്ഞത്. ബാലന് തന്നോടുള്ള സ്നേഹത്തിൽ മനസ്സ് നിറഞ്ഞ ശ്രീ കൃഷ്ണൻ തന്റെ അരയിൽ അണിഞ്ഞിരുന്ന അരഞ്ഞാണം ആ ബാലന് സമ്മാനമായി നൽകി. ബാലൻ തനിക്ക് കണ്ണനിൽ നിന്നും കിട്ടിയ സമ്മാനം എന്ന പേരിൽ പലരെയും ആ അരപ്പട്ട കാണിച്ചു കൊടുത്തെങ്കിലും ആരും അവനെ വിശ്വസിച്ചില്ല. അടുത്ത ദിവസം അമ്പലത്തിലെ പൂജാരി നടതുറന്നപ്പോൾ കണ്ണന്റെ അരയിലെ അരപ്പട്ട കാണാതായത് ശ്രദ്ധിക്കുകയും ആ വാർത്ത നാട്ടിൽ പരക്കുകയും ചെയ്തു. പലരും ആ ബാലൻ കള്ളനാണെന്ന് മുദ്രകുത്തി അപമാനിക്കാൻ തുടങ്ങി. എന്നാൽ ആളുകൾ തന്റെ കുട്ടിയെ കള്ളനെന്ന് വിളിക്കുന്നത് കുട്ടിയുടെ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ പൊട്ടികരഞ്ഞുകൊണ്ട് ബാലനെ അടിച്ച ശേഷം ആ ചങ്ങല വലിച്ചെറിഞ്ഞു. ചങ്ങല ഒരു കൊന്ന മരത്തിൽ കുടുങ്ങി, മരം പെട്ടെന്ന് മഞ്ഞ പൂക്കൾ കൊണ്ട് വിരിഞ്ഞു. ശോഭനമായി. ഈ മരമാണ് കണിക്കൊന്ന എന്നറിയപ്പെടാൻ തുടങ്ങിയത്. ആ ദിവസമാണ് വിഷു എന്ന് മറ്റൊരു ഐതീഹ്യം.
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും.ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ് . വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണ്സംഭവിക്കുക.ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്.
പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ നൽകിയിരുന്നത് സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. പ്രായമായവർ പ്രായത്തിൽ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.
വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ് വിഷു പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിർബന്ധമാണ്. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി . ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്.തലേനാൾ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വർഷത്തെ വരവേൽക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാർന്നതുമായ വിഷുപ്പടക്കങ്ങൾ കത്തിക്കുന്നത് കേരളത്തിൽ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു.
വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന. കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയാണ്. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്. എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.
ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്. ഉദാഹരണത്തിന് അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ് ആണ് അവർക്ക് ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവർ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും എല്ലാം വിഷുവിലും ഉണ്ട്.ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ് എന്നാണ് പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത് ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ് ഉഗാദി ആയത്, അർത്ഥം ആണ്ടുപിറപ്പ് എന്നു തന്നെ.
വിഷുക്കാലം നമ്മളെല്ലാവരും ഒത്തുകൂടി ആഘോഷിക്കുന്നു. കണി ഒരുക്കിയും വിഷുക്കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും കുട്ടികൾ ഈ വിഷുക്കാലം അവരുടെ വേനൽ അവധിക്കാലത്തെ ഏറ്റവും പ്രിയമുള്ള ഓർമ്മകൾ ആക്കി മാറ്റിയെടുക്കുന്നു. ഓരോ വിഷുവിന് ശേഷവും അടുത്ത വർഷത്തേക്കായുള്ള കാത്തിരിപ്പാണ്.